28 June 2012

ഇരുമുഖങ്ങള്‍

“അല്ലപ്പാ, നിങ്ങക്ക് നൊസ്സ്ണ്ട?” ചുണ്ടില്‍, ഇരുവിരലുകള്‍ക്കിടയിലൂടെ ഖദീജുമ്മ നീട്ടിത്തുപ്പിയ മുറുക്കാന്‍ മുറ്റത്ത് ചിത്രം വരഞ്ഞു.

“പിന്നേ, ഖദീസുമ്മേന്റെ പെരാന്തിന് സമാധാനം പറയല്ലെ മ്മ്ടെ പണി”
അയ്മൂട്ടിക്കാന്റെ പുറമേ കേള്‍ക്കാത്ത മറുപടിക്കൊപ്പം കൈകള്‍ വായുവില്‍ പടരാന്‍ തുടങ്ങി..

“ഈറ്റ്ങ്ങളെയെല്ലം ഊളമ്പാറക്ക് കേറ്റി വിടാനാരും ഇല്ലെ?”
കണ്ടു നിന്ന നായിന്റമക്കളിലാരോ ചോദിച്ചത് ഖദീജുമ്മയും അയ്മൂട്ടിക്കയും കേട്ടില്ല.

“നായിന്റ മക്കള്‍, പൊലേന്റെ മോന്‍, ഇതൊന്നും സാഹിത്യത്തില്‍ പറയരുതെന്നാണ് പുതിയ നിയമം.” ഏതോ അക്ഷരജ്ഞാനി പറഞ്ഞത് ഏറ്റു പറയാന്‍ ഒരു പുരോഗമനക്കാരന്‍ പോയിട്ട് ആരും ഉണ്ടായില്ല.

“നമ്പൂരിന്റെ മോന്‍, ഷെയ്ക്കിന്റെ മോന്‍ എന്നൊക്കെ പറയാനൊക്ക്വോ ആവോ”
ബാര്‍ബര്‍ ചീരന്‍ പറഞ്ഞതിന് അയാള്‍ക്ക് ചെലവായത് രണ്ട് കണ്ണാടി ആയിരുന്നെന്നത് ബോധ്യമായത്, കണ്ണാടി, കല്‍ച്ചീളാല്‍ ഉടയുന്ന ശബ്ദം കേട്ടപ്പോള്‍ മാത്രമാണ്..

ശേഷം എരിവും പുളിയും ആ നാടൊട്ടുക്കും താനെ പടര്‍ന്നു കൊണ്ടിരുന്നു.

അങ്ങാടിയിലെ കച്ചവടക്കാര്‍ എല്ലാരും ഷട്ടറടക്കുകയും നിര പൂട്ടുകയും ചെയ്തു. റേഷന്‍ ഷാപ്പിലെ നാരായണന്‍ മേസ്ത്രി, എലിക്ക് പാഷാണം വെക്കുന്ന തിരക്കായതിനാല്‍ ഒന്നും അറിഞ്ഞില്ല.

തീപ്പന്തം തീപ്പൊട്ടുകളായ് ചിതറിയത് ആദ്യം റേഷന്‍ പീടികയെ ആയിരുന്നു. മണ്ണെണ്ണ, കരിഞ്ചന്ത കഴിഞ്ഞ് വരാന്‍ വൈകിയതിനാല്‍ പീടിക കത്തിയില്ല. പരുത്തിച്ചാക്കിന് മഴവെള്ളത്തിന്റെ ഈര്‍പ്പം ഉണ്ടായതും നന്നായി എന്ന് മേസ്ത്രിക്ക് പിന്നീട് പറയാന്‍ ഒരു കാരണമായി.

മംഗലം വീട്ടിലെ ഒതേനക്കുറുപ്പ് ചെത്ത് കഴിഞ്ഞ് വരുന്നത് പന്തക്കാര്‍ കണ്ടു. ശബ്ദമില്ലാതെ പന്തക്കാര്‍ ഭവ്യരായ് ഒതുങ്ങി നടന്നു. പനമ്പാടത്ത് സൈനബയെ പ്രണയത്തിന്റെയും കൈക്കരുത്തിന്റെയും ബലത്തില്‍ ഒരൊറ്റ ചരടില്‍ കെട്ടി നെഞ്ഞ് വിരിച്ച് അങ്ങാടിയിലൂടെ നടന്നു വന്നത് കഥയേക്കാള്‍ ഗാഥയെന്നാണ് പുതുതലമുറക്കാര്‍ പോലും കേട്ട് പരിചയിക്കുന്നത്.

“ഡ്രോ, ഒരു പന്തം താ..
ഞാനും ഇങ്ങടെ കൂടേണ്ട്..”
എന്റെ പേനയ്ക്ക് വിശ്രമാവധി നല്‍കി വെള്ളക്കടലാസില്‍ പതിയെ വെച്ച് ഞാനും, പന്തത്തിന്‍ ചെഞ്ചായത്തിലെ മുഖം തിരിച്ചറിയാത്ത കൂട്ടത്തില്‍ അലിഞ്ഞു..

----------------------------------------------------------------------------

*ചിത്രം ഗൂഗിളില്‍ നിന്ന്.

** *** **

10 comments:

 1. ഒരു പന്തം താടോ...ഞാനും വരണ്ണ്ട്. (എന്തായാലും ഒന്നുമെഴുതാന്‍ ഒരു മൂഡുമില്ല...ഭാവനാവരള്‍ച്ച തന്നെ ല്ലാണ്ടെന്താ !!)

  ReplyDelete
 2. തിരിച്ചറിയാതെ, വെറുതെ നീങ്ങുന്നു കൂട്ടത്തില്‍....

  ReplyDelete
 3. റാംജി പറഞ്ഞതാണ് ശരി.ഒട്ടുപലരും തിരിച്ചറിവില്ലാതെ വെറുതെ കൂട്ടത്തിന്‍റെ ഭാഗമാകുകയാണ്.

  ReplyDelete
 4. മുന്‍പേ ഗമിക്കുന്ന ഗോവുതന്റെ
  പിന്‍പേ ഗമിക്കുന്നു ...........

  ReplyDelete
 5. മാസ് സൈകോളജി എന്നോന്നിനെ കുറിച്ച് പറയാന്‍ ശ്രമിച്ചു...... അങ്ങിനെ എനിക്ക് തോന്നുന്നു.. എന്റെ പന്തം ഇനിയും കത്തിയിട്ടില്ല കേട്ടോ..

  ReplyDelete
 6. ചെത്തുകാരനെ മാത്രം ബഹുമാനിക്കുന്ന വിപ്ലവം...!!!

  ReplyDelete
 7. ഉള്‍ക്കൊള്ളുന്നതിനോളം പോന്നതായിത്തോന്നിയില്ല സുരഭീ അതിനെ എഴുതിയിട്ട വരികള്‍...
  ഒരു ഉദാസീനതയുണ്ട് ഈ പറഞ്ഞുപോക്കില്‍....

  ന്നാലും ആശംസകള്ണ്ട്...

  ReplyDelete
 8. എനിക്കും ഒരു പന്തം താ... കൂട്ടത്തിൽ ഞാനും ചേരട്ടെ :)

  ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...