28 June 2012

ഇരുമുഖങ്ങള്‍

“അല്ലപ്പാ, നിങ്ങക്ക് നൊസ്സ്ണ്ട?” ചുണ്ടില്‍, ഇരുവിരലുകള്‍ക്കിടയിലൂടെ ഖദീജുമ്മ നീട്ടിത്തുപ്പിയ മുറുക്കാന്‍ മുറ്റത്ത് ചിത്രം വരഞ്ഞു.

“പിന്നേ, ഖദീസുമ്മേന്റെ പെരാന്തിന് സമാധാനം പറയല്ലെ മ്മ്ടെ പണി”
അയ്മൂട്ടിക്കാന്റെ പുറമേ കേള്‍ക്കാത്ത മറുപടിക്കൊപ്പം കൈകള്‍ വായുവില്‍ പടരാന്‍ തുടങ്ങി..

“ഈറ്റ്ങ്ങളെയെല്ലം ഊളമ്പാറക്ക് കേറ്റി വിടാനാരും ഇല്ലെ?”
കണ്ടു നിന്ന നായിന്റമക്കളിലാരോ ചോദിച്ചത് ഖദീജുമ്മയും അയ്മൂട്ടിക്കയും കേട്ടില്ല.

“നായിന്റ മക്കള്‍, പൊലേന്റെ മോന്‍, ഇതൊന്നും സാഹിത്യത്തില്‍ പറയരുതെന്നാണ് പുതിയ നിയമം.” ഏതോ അക്ഷരജ്ഞാനി പറഞ്ഞത് ഏറ്റു പറയാന്‍ ഒരു പുരോഗമനക്കാരന്‍ പോയിട്ട് ആരും ഉണ്ടായില്ല.

“നമ്പൂരിന്റെ മോന്‍, ഷെയ്ക്കിന്റെ മോന്‍ എന്നൊക്കെ പറയാനൊക്ക്വോ ആവോ”
ബാര്‍ബര്‍ ചീരന്‍ പറഞ്ഞതിന് അയാള്‍ക്ക് ചെലവായത് രണ്ട് കണ്ണാടി ആയിരുന്നെന്നത് ബോധ്യമായത്, കണ്ണാടി, കല്‍ച്ചീളാല്‍ ഉടയുന്ന ശബ്ദം കേട്ടപ്പോള്‍ മാത്രമാണ്..

ശേഷം എരിവും പുളിയും ആ നാടൊട്ടുക്കും താനെ പടര്‍ന്നു കൊണ്ടിരുന്നു.

അങ്ങാടിയിലെ കച്ചവടക്കാര്‍ എല്ലാരും ഷട്ടറടക്കുകയും നിര പൂട്ടുകയും ചെയ്തു. റേഷന്‍ ഷാപ്പിലെ നാരായണന്‍ മേസ്ത്രി, എലിക്ക് പാഷാണം വെക്കുന്ന തിരക്കായതിനാല്‍ ഒന്നും അറിഞ്ഞില്ല.

തീപ്പന്തം തീപ്പൊട്ടുകളായ് ചിതറിയത് ആദ്യം റേഷന്‍ പീടികയെ ആയിരുന്നു. മണ്ണെണ്ണ, കരിഞ്ചന്ത കഴിഞ്ഞ് വരാന്‍ വൈകിയതിനാല്‍ പീടിക കത്തിയില്ല. പരുത്തിച്ചാക്കിന് മഴവെള്ളത്തിന്റെ ഈര്‍പ്പം ഉണ്ടായതും നന്നായി എന്ന് മേസ്ത്രിക്ക് പിന്നീട് പറയാന്‍ ഒരു കാരണമായി.

മംഗലം വീട്ടിലെ ഒതേനക്കുറുപ്പ് ചെത്ത് കഴിഞ്ഞ് വരുന്നത് പന്തക്കാര്‍ കണ്ടു. ശബ്ദമില്ലാതെ പന്തക്കാര്‍ ഭവ്യരായ് ഒതുങ്ങി നടന്നു. പനമ്പാടത്ത് സൈനബയെ പ്രണയത്തിന്റെയും കൈക്കരുത്തിന്റെയും ബലത്തില്‍ ഒരൊറ്റ ചരടില്‍ കെട്ടി നെഞ്ഞ് വിരിച്ച് അങ്ങാടിയിലൂടെ നടന്നു വന്നത് കഥയേക്കാള്‍ ഗാഥയെന്നാണ് പുതുതലമുറക്കാര്‍ പോലും കേട്ട് പരിചയിക്കുന്നത്.

“ഡ്രോ, ഒരു പന്തം താ..
ഞാനും ഇങ്ങടെ കൂടേണ്ട്..”
എന്റെ പേനയ്ക്ക് വിശ്രമാവധി നല്‍കി വെള്ളക്കടലാസില്‍ പതിയെ വെച്ച് ഞാനും, പന്തത്തിന്‍ ചെഞ്ചായത്തിലെ മുഖം തിരിച്ചറിയാത്ത കൂട്ടത്തില്‍ അലിഞ്ഞു..

----------------------------------------------------------------------------

*ചിത്രം ഗൂഗിളില്‍ നിന്ന്.

** *** **

23 June 2012

ഞാനറിയുമൊരാള്‍


ഇടവഴിയിലെ വളവിലൂടിറങ്ങും മുമ്പ്,
ഒരു പിന്‍വിളി കേള്‍ക്കും പോല്‍
ഞാന്‍ പിന്തിരിഞ്ഞൊരു വേള
പിറകിലേക്ക് കണ്ണയച്ചിരിക്കാം

ഞാനറിയുമൊരാള്‍
എന്‍ പേര്‍ചൊല്ലി വിളിച്ചതോര്‍ത്ത്..

സ്വപ്നശലാകകള്‍ കണ്ണിലണഞ്ഞതില്‍പ്പിന്നെ,
ഒരു തൊട്ടൂവിളി അറിഞ്ഞ പോല്‍
ഞാനെന്‍ പീലികള്‍ വിടര്‍ത്തി
മയൂരനൃത്തം ആടിയിരിക്കാം

ഞാനറിയുമൊരാള്‍
എന്നില്‍ മേഘതീര്‍ത്ഥമായ് നിറയുമെന്നോര്‍ത്ത്..

----------------------------------------------------------------------------

*ചിത്രം ഗൂഗിളില്‍ നിന്ന്.

** *** **

10 June 2012

പിറകിലേക്കൊഴുകുന്ന പുഴകള്‍

തല്ലിപ്പൊളികള്‍ക്കിടയില്‍ കാലം കഴിച്ച ദിനങ്ങളിലെ വാരന്തങ്ങളിലെ മധുചഷകങ്ങള്‍ക്കൊപ്പം ലഹരിയിലെ രക്തവേഗങ്ങള്‍ക്ക് ആവേഗമായ് പുകയും..

കറ പിടിച്ച പല്ലുകള്‍,
ചോരനിറം മങ്ങി, അടര്‍ന്ന ചുണ്ടുകള്‍,
കറുപ്പ് പടര്‍ന്ന നെഞ്ചിന്‍ കൂടിന്റെ ചിത്രണം..

“ചോരതുപ്പി ചാകണ്ടങ്കില്, ഇത് നിര്‍ത്തിക്കോണം..”

ഡോക്ടറുടെ ക്രുദ്ധമുഖത്ത് നോക്കിയില്ല, തലകുലുക്കി, തല കുനിച്ച് ഇറങ്ങുമ്പോള്‍ വെള്ളരിപ്രാവുകളും നന്മയും കാല്‍പ്പാദങ്ങള്‍ക്കടിയിലൂടെ തിരയെ പിന്തുടരുന്ന പൂഴിമണലായത് ഓര്‍ത്തില്ല.“ഒരു വില്‍സ് നാവി കട്ട്”

“നാസ്രെ, ഒരു പേക്ക് വില്‍സെട്ത്തൊഡ്രാ..”

“മാപ്ലെ, ഒരു പീസ് മദീന്ന്.”

കാദര്‍ക്കയുടെ മുഖത്തെ അനിഷ്ടം, സിഗരറ്റിനു തീ പറ്റിക്കുമ്പോള്‍ കണ്ടതായി നടിച്ചില്ല.കോളെജ് മൈതാനം കടന്ന് പറമ്പിലേക്ക് കയറി, “ഉവ്വ്, ഇപ്രാവശ്യം മാവ് നിറയെ പൂത്ത് കായ്ച്ചിരിക്കുന്നു.”

“ഹേയ്, ദേവികേ.. നിനക്കിനിയും പച്ച മാങ്ങ വേണോങ്കി പറഞ്ഞാ മദീന്ന്..
ഹെ ഹെ ഹേ.. ആ നാണം എനിക്കറിയാല്ലോ.. എന്തായാലും അന്നത്തെ അശ്ലീലം ഞാന്‍ പറയില്ലാന്ന്..”

ഭര്‍ത്താവും കുഞ്ഞുങ്ങളുമായ് സസുഖം വാഴുന്നുവെന്ന് കരുതതലിലും അന്യന്റെ ഭാര്യയെ എന്നെങ്കിലും ആഗ്രഹിച്ചിരുന്നുവോ?“അല്ല മച്ചൂ, ദ്ന്താദ്, എപ്പ വന്ന് നാട്ടില്?”
സൂരജിനൊപ്പം പങ്കിട്ട മുറിബീഡികള്‍ക്കൊപ്പം ഈ പുഞ്ചിരിയും ഉണ്ടായിരുന്നു.

“കഴിഞ്ഞ ബുധനാഴ്ച. അല്ല, നമ്മടെ എളന്നീര് ഇറക്കല് പരിപാടി ഒന്ന് നടത്ത്യാലോ അന്നത്തെപ്പോലെ?”

“കയറാനാവൂല്ലെടോ, നി പോയേപ്പിന്നെ അറിയാലോ എന്റെ കാര്യം, അന്നൊര് നാളിലെ പരിപാടിക്കെടേല് ഒരു വെട്ട് ഇടുപ്പെല്ലിനായിരുന്നു. കൊടുവള്ളീലെ സഹകരണത്തില് മൂന്ന് മാസം, പിന്നെ വീട്ടില്..”

“ആഹ്, പോട്ടെ. നിന്റെ സന്ധ്യ എന്തു പറയുന്നു, മ്മ്ടെ അന്വേഷണം പറയിന്‍..”ചപ്പു ചവറുകളില്‍ അമര്‍ന്ന്, പടികള്‍ കയറി.
അടച്ചിട്ട വാതില്‍പ്പാളികള്‍ താക്കോത്സ്പര്‍ശമേറ്റപ്പോള്‍ ഒച്ച വെച്ചു.

നല്ല നാളിലെ ഓര്‍മ്മകള്‍.
മാഹിപ്പെരുന്നാള്‍, മദ്യവിരുന്നുകള്‍, ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് മത്സരങ്ങള്‍.

ഒരു തഴപ്പായയും കാവി മുണ്ടും മതി, കുറഞ്ഞത് നാല് പേര്‍ക്ക് നേരം വെളുപ്പിക്കാന്‍. ചര്‍ച്ചകള്‍ രാവിനെ പകലാക്കുമ്പോള്‍, വിടയോതാന്‍ രാവ് പോലും മറന്നിരുന്നു.

“സാഖാവെ, നമ്മുടെ രാഷ്ട്രീയം ഈ നാലു ചുവരുകള്‍ക്കറിയാം, നമ്മുടെ ഓര്‍മ്മകള്‍ രക്തസാക്ഷിയായത് എവിടെയാണ്..?”മുറ്റത്തെ വരമ്പില്‍ ചെടിച്ചട്ടികള്‍ വരണ്ടിരിക്കുന്നു, പുഷ്പിതസൂനങ്ങള്‍ അന്യമായത് നിന്റെ വിരല്‍ സ്പര്‍ശം അകന്നപ്പോഴായിരുന്നുവോ?

അവസാനവര്‍ഷത്തിലെ പരീക്ഷ എഴുതാതെ ഓടിയൊളിച്ച് കടല്‍ത്തീരത്ത് തിരഞ്ഞ കവിത എഴുതാനാവുന്നത് നീണ്ട ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഏകാന്തതയുടെയും അന്യതാബോധത്തിന്റെയും അകലങ്ങളിലെ ദൂരമായിരുന്നു ഈ വര്‍ഷങ്ങള്‍. ഈ ദൂരങ്ങള്‍ കവിതകളാല്‍ നിറയട്ടെ..വിദൂരസ്വപ്നങ്ങളില്‍ എന്നപോലെ എന്നും അവസാനിപ്പിക്കുന്നത്, ചെങ്കല്‍പ്പൊടി പുരണ്ട രൂപമാണ്.. പറയാതെ കീശയില്‍ നിന്നും പതിവായി അന്നെടുക്കാറുണ്ടായിരുന്ന അമ്പത് പൈസത്തുട്ടുകളിലെ സ്നേഹം..ഇല്ല, ആ നിശ്വാസത്തിനും മുമ്പേ ചെയ്യുവാന്‍ കുറച്ച് കൂടിയുണ്ട്.

പിറകിലേക്കൊഴുകുന്ന പുഴ തേടുന്ന സൗന്ദര്യവും നിര്‍മ്മലതയും ഒരു തുള്ളിയെങ്കിലും ആസ്വദിക്കാന്‍ യാത്രയാവട്ടെ;

പിന്തുടരുന്ന ബാക്കിയായ കര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള അചഞ്ചലത നേടുവാനായ്..

----------------------------------------------------------------------------

*ചിത്രം ഗൂഗിളില്‍ നിന്ന്.

** *** **
Related Posts Plugin for WordPress, Blogger...