15 January 2011

മടക്കയാത്ര - നഗരത്തില്‍ നിന്ന് നാട്ടിലേക്ക്


ഒന്നര വര്‍ഷത്തിലേറെയായിരുന്നു നഗരജീവിതത്തിന്റെ തിരക്കുകളിലും വൃത്തിയിലും അതിനേക്കാള്‍ വൃത്തിഹീനതയിലും ഒരാളായിട്ട്. ഓണം ഒരു ഗൃഹാതുരസ്മരണയായ് നിറയാത്ത മലയാളികളില്ല. ഞാനും മടങ്ങി, എന്റെ നാട്ടിലേക്ക്, വീട്ടിലേക്ക് - പ്രകൃതിയുടെ പച്ചപ്പിനെ എന്നിലേക്ക് ആവാഹിക്കാന്‍, ഓണത്തിന്റെ നന്മ നുകരാന്‍‍‍.

കോയമ്പത്തൂര്‍ സ്റ്റേഷനില്‍, തലേന്ന് തയ്യാറാക്കിയ ചെറുബാഗുമായ് എത്തുമ്പോഴേക്കും ട്രയിന്‍ പുറപ്പെടാനൊരുങ്ങിയിരുന്നു. രാവിലെയായതിനാല്‍ തിരക്ക് കുറവായിരുന്നു. നേരിയ തണുപ്പുള്ള ദിവസം, യാത്രയില്‍ അത് ആസ്വാദ്യകരം തന്നെ.

പൊഴിയുന്നു മഞ്ഞുകണങ്ങള്‍
സൈകത നെറുകയില്‍,
ഈ കുഞ്ഞിളം തണുപ്പില്‍
ചെറുകാറ്റിനു പോലും മടി-
എന്നളകങ്ങളെ തഴുകും
വിരലുകളായ് മാറാന്‍..


ഈ ഇളം തണുപ്പില്‍ ഒന്ന് മൂടിപ്പുതച്ച് ഉച്ചവരെ ഉറങ്ങാനുള്ള കൊതിക്കിടയില്‍ കണ്ണുകള്‍ പുറത്തേക്ക് നട്ട് പിറകിലേക്കൊടി മറയുന്ന കാഴ്ചകളില്‍ മുഴുകി. പാലക്കാട് പ്രദേശങ്ങളിലെത്തിയപ്പോള്‍ പച്ച വിരിച്ച വയലേലകള്‍ നല്ല കാഴ്ചയായിരുന്നു. എവിടെയായിരുന്നുവെന്നറിയില്ല, മയിലുകള്‍ (മൂന്നാലെണ്ണം), എന്റെ നാട്ടില്‍ കോഴികള്‍ക്കുള്ള പോലെ സ്വാതന്ത്യമനുഭവിച്ച്, കൊയ്ത്ത് കഴിഞ്ഞ പാടത്ത് കൊത്തിപ്പെറുക്കുന്നത് ഒരു മാത്ര കണ്ടിരുന്നു..


കോഴിക്കോട് നിന്നുള്ള കാഴ്ച്ച. മൂന്നാമത്തെ ചിത്രം കണ്ണൂരിലെ പയ്യാമ്പലം ബീച്ചില്‍ നിന്ന്. (മൂന്ന് ചിത്രങ്ങളും കോയമ്പത്തൂര്‍ ടു കണ്ണൂര്‍ യാത്രയ്ക്കിടയില്‍ നിന്നല്ല, ഈ അവധിദിനങ്ങളില്‍ ഉള്‍പ്പെട്ടതിനാല്‍ ഇവിടെ കാണിക്കുകയാണ്.)


വീട്ടിലെത്തി കുളിജപമൊക്കെ കഴിഞ്ഞ് ഒന്നരവര്‍ഷമായ് അന്യമായ തൊടി തെണ്ടാനിറങ്ങി ഞാന്‍. അപ്പോഴാണിവളെ കാണുന്നത്. നാല് വര്‍ഷം മുമ്പേ അഛന്‍ പശുവളത്തല്‍ പരിപാടി നിര്‍ത്തിയതാണ് . ഇവളേതെന്ന് അന്വേഷിച്ചപ്പോള്‍ നമ്മടെ വീട്ടിലേത് തന്നെ. (നോക്കണേ അഛന്‍ ഇതേപ്പറ്റി ഒരക്ഷരം എന്നോട് അതേവരെ മിണ്ടണല്ലൊ, ഏഹെ, ഇല്ലാന്നെ. ചോദിച്ചപ്പോള്‍ പറയുകാ, ഓ.. ഞാനത് മറന്ന് പോയീ എന്ന്!) അവളെ തൊട്ടും പിടിച്ചും തലോടിയുമൊക്കെ ഒന്നിണക്കാനും ഇണങ്ങാനും ഇത്തിരി സമയമെടുത്തു. രണ്ടാമത്തെ ചിത്രത്തില്‍ ഓട്ടക്കണ്ണിട്ട് നോക്കുന്ന അവളുടെ ഒരു ഭാവം നോക്കിക്കേ!


ഓണപ്പൂക്കളം തീര്‍ക്കാനാളില്ലാത്തതിന്റെ കുറവ്-മുറ്റത്തെ ശുഷ്കിച്ച പൂക്കളത്തില്‍ കാണാം, ചെമ്പരത്തി ആകാശം മുട്ടെ വളര്‍ന്നെന്ന് അഹങ്കരിക്കുകയാണോ?, ഓണത്തിന് ഞാന്‍ പൂവ് തരില്ലെന്ന വാശിയില്‍ ഓണച്ചെടി, അവള്‍ ഓണം കഴിഞ്ഞ് പൂത്തപ്പോള്‍ (നാലാമത്തെ ചിത്രം)


തെങ്ങിന്‍ തടത്തിലെ കൂവകൃഷി, പാറപ്പുറത്ത് മണ്ണിറക്കി അതില്‍ ചേമ്പ് പിന്നെ പയറും വെണ്ടയ്ക്കയും മറ്റും പച്ചപിടിച്ച് കാണാം. എല്ലാം അച്ഛന്റെ സംരംഭമാണ് കേട്ടൊ. നല്ല പച്ചക്കറി കൂട്ടി നന്നായി തിന്നുറങ്ങി കൂറച്ചീസം. അല്ലാണ്ട് എനിക്കെന്താ പണി വീട്ടില്‍ വന്നാല്‍!


തെങ്ങുകളൊക്കെ വളര്‍ന്ന് വലുതായിപ്പോയ്. വാഴ കുലച്ചത് കണ്ടപ്പോള്‍ ചെറുപ്പകാലത്തെ ചില വികൃതികള്‍, ഏട്ടനുമൊത്ത്, ഓര്‍മ്മവന്നു. സന്ധ്യയ്ക്ക് തേന്‍ കുടിക്കാന്‍ വരുന്ന കടവാവലിനെ1 മുള്ളിക്കയുടെ2 മുള്‍ക്കമ്പിനാല്‍ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കും. അനക്കം കണ്ടാല്‍, അല്ലേലും ഇവറ്റകള്‍ക്ക് രാത്രില്‍ നല്ല കാഴ്ചയല്ലെ, നമ്മളെ കബളിപ്പിച്ച് പറന്ന് കളയും. ഇളിഭ്യരായ് ഞാനും ഏട്ടനും മുഖത്തോട് മുഖം നോക്കി പരിപാടി നിര്‍ത്തും! ഈ മൂന്നാമത്തെ ചിത്രം, ഏതാ ഈ വിരുന്നുകാരി? മുമ്പ് നമ്മുടെ വീട്ടുപറമ്പില്‍ ഞാനിയാളെ കണ്ടിട്ടേയില്ല. മറ്റുവീടുകളില്‍ മുമ്പേ കണ്ടിട്ടുണ്ട്. എന്നാലും ഇരിക്കട്ടെ ഒരു സ്നാപ്. തുളസി, വീട്ടുമുറ്റത്തിനരികില്‍. അവളെയും ഞാനെന്റെ മൊബൈല്‍ ക്യാമറയ്ക്കകത്താക്കി.


ആ കരിമ്പടന്‍ മന്ദാരച്ചെടിയെ കരണ്ട് തിന്നുന്നു, ദുഷ്ടന്‍! എന്താ ചെയ്ക, ‘ബേപ്പൂര്‍ സുല്‍ത്താന്റെ’ ഭാഷയില്‍ പുഴുവും ഉറുമ്പും മൂര്‍ഖനുമെല്ലാം ഭൂമിയുടെ അവകാശികളായിപ്പോയില്ലേ.ഇത് തറവാട്ടിലേക്കുള്ള വയല്‍ വരമ്പാണ്.
മനസ്സില്‍ കുളിരേകുന്ന ഓര്‍മ്മകളുടെ ഇടത്താവളം
നീരൊഴുകുന്ന കൈവഴിക്ക് കുറുകെയുള്ള ചെറുമരപ്പാലവും
കരിങ്കല്‍പ്പടികളുമാണ് വയല്‍ക്കരയിലെ വീട്ടിലേക്കുള്ള വഴി-
ഇവിടെയാണ് എന്റെ കാലടികള്‍ ആദ്യം പതിഞ്ഞിടം,
ഇവിടെയാണ് ഞാനാദ്യമായ് വീണതും,
മുട്ടില്‍ ചോരപൊടിഞ്ഞതും,
വലിയവായില്‍ നിലവിളിച്ച് കരഞ്ഞതും..

ഇത്തിരി വലുതായപ്പോഴുള്ള ഓര്‍മ്മയില്‍, കരഞ്ഞാല്‍-കുഞ്ഞമ്മാവനോടിയെത്തും. സാന്ത്വനിപ്പിക്കാനാണെന്ന് കരുതിയാല്‍ തെറ്റി, വന്നിട്ടൊരു പിടുത്തമുണ്ട്, മൂക്കില്‍. ശ്വാസം മുട്ടി ചത്തുപോകണ പിടുത്തം! എന്റെ കൈയ്യെന്താ പണയത്തിലോ? പിച്ചും മാന്തും ഒരു പിശുക്കുമില്ലാതെ ഞാനും കൊടുക്കും! അമ്മേം അമ്മമ്മേം അമ്മായീം മറ്റും കണ്ട് ചിരി, ആകെ ബഹളം. ഞാനോ പിണങ്ങിയൊരു മൂലയ്ക്കിരിക്കും.. അങ്ങനെ എന്തെല്ലാം ഓര്‍മ്മകള്‍..

ഉമ്മറത്ത് നിന്നും കാണാം ഒഴുകുന്ന ആ കുഞ്ഞരുവി, വേനലില്‍ അവളുടെ കൊഞ്ചലുണ്ടാവാറില്ല. എങ്കിലും ഇപ്രാവശ്യം എനിക്കായവള്‍ കാത്തുവെച്ചത് ഞാനിവിടെ പകര്‍ത്തിയിരിക്കുന്നു. അമ്മമ്മയെ കണ്ടില്ലേ? ചെറുപ്പത്തില്‍ ‘വെല്ല്യ’ സുന്ദരിയായിരുന്നിരിക്കണം.
** *** **

എല്ലാം പാതിവഴിയില്‍ താത്കാലികമായ് നിര്‍ത്തി എല്ലാവരോടും യാത്രയോതി വീണ്ടും നഗരത്തിന്റെ തിരക്കിലേക്കലിയാന്‍ മടങ്ങുകയാണ്. ഈ വര്‍ഷാവസാനം ഓര്‍മ്മകളില്‍ സൂക്ഷിക്കാനൊരുപാട്. ബ്ലോഗെഴുത്തും, മറക്കാനാവാത്ത ഓണനാളുകളും, കുഞ്ഞുകുഞ്ഞു വേദനകളും സന്തോഷങ്ങളുമൊക്കെയായ് നിറയുമെന്നും 2010.

ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.
ഏകട്ടെ നിങ്ങള്‍ക്കെല്ലാവര്‍ക്കും നല്ല ആശയങ്ങളും
എഴുത്തില്‍ പുതുഭാഗ്യങ്ങളും.

എല്ലാ നന്മയും നേര്‍ന്നുകൊണ്ട്
നിശാസുരഭി.
------------------------------------------------------------------
*ഇത്തവണ ചിത്രങ്ങളെല്ലാം എന്റെ സ്വന്തം ;)
1.കടവാവല്‍ എന്ന് വെച്ചാല്‍ വവ്വാലിന്റെ ചെറിയ ഇനം.
2.മുള്ളിക്ക ഒരു കുറ്റിച്ചെടിയാണ്. ഇതിന്റെ ശിഖരമാകെ ഉറപ്പുളള മുള്ളുകളായിരിക്കും. വവ്വാലിനെ പിടിക്കാന്‍ നാട്ടിലെ കുസൃതിപ്പിള്ളേര്‍ക്കുള്ള എളുപ്പവഴി ആയതിന് കാരണം ഇത് തന്നെ. എട്ട് അടിയോളം നീളത്തില്‍ വളരണ ഇതില്‍ വേനല്‍ക്കാലത്ത് കായുണ്ടായ് പഴുത്താല്‍ കറുത്ത നിറമാണ്. തിന്നാന്‍ നല്ല രുചിയും. പുറം തോല്‍ മാത്രമേ കഴിക്കുകയുള്ളു. മഞ്ചാടിക്കുരുവിന്റെ വലുപ്പമുണ്ടാകും കായയ്ക്ക്.
** *** **

01 January 2011

ഇരകള്‍“നിനക്കിതിന്റെ ആഴം അളന്ന് നോക്കാമോ?”

സൂയിസൈഡ് പോയിന്റില്‍ അവനോടൊപ്പം നില്‍ക്കുമ്പോള്‍ ഞാനെന്റെ കണ്ണുകളോടാണ്
ആ ചോദ്യം എറിഞ്ഞത്.

“ശരി, നോക്കാം”

പക്ഷെ -

ഒരിമവെട്ടലിന്റെ വേഗത്തിനേക്കാള്‍, കണ്ണുകള്‍ പറഞ്ഞത് ഞാനറിഞ്ഞതിനും മുമ്പേ,
എന്നെ ആഴത്തിലേക്കെറിഞ്ഞത് ആരായിരുന്നു..

കണ്ണുകള്‍ക്ക് മുമ്പേ ചോദ്യത്തിനുത്തരം തേടാനാഗ്രഹിച്ചത് ആരായിരുന്നു..?

--------------------------------------------------------------------------------------------------
സമര്‍പ്പണം : സമൂഹത്തിലെ, കുതികാല്‍ വെട്ടിമാറ്റപ്പെട്ട-ബലിയാടാക്കപ്പെട്ട ഇരകള്‍ക്ക്.
--------------------------------------------------------------------------------------------------
*ചിത്രം ഗൂഗിളില്‍ നിന്ന്.
** *** **
Related Posts Plugin for WordPress, Blogger...