28 October 2011

ഈ രാവ് എനിക്കേകിയ വിരുന്നുകാരി(രന്‍?)

ഇന്നെന്റെ ഏകാന്തതയ്ക്കൊപ്പം
കൂട്ടിരിക്കാനായിവള്‍(ന്‍)..?


നല്ല മഴയാണെന്നും,
വൈകുന്നേരങ്ങളില്‍ മാനമിരുണ്ട്, മിന്നലിടികളാല്‍ മുഖരിതം സന്ധ്യയും രാത്രിയും.
നേര്‍ത്ത തണുപ്പ്, മഴ പെയ്തതിനാല്‍ പടരുന്നുണ്ട്; ഒരു ചൂട് തനുവിനെ കൊതിപ്പിച്ച് കൊണ്ട്..


വീടിനടുത്തുള്ള ഇലക്ട്രിക് സബ്സ്റ്റേഷനിലെ ഫ്ലൂറസെന്റ് വിളക്കുകള്‍ കണ്‍തുറന്ന നേരമാകണം ചിത്രശലഭം കൂട് പൊട്ടിച്ച് പുറത്ത് വന്നത്..


മഴ അതിന്റെ ചിറകുകള്‍ നനയ്ക്കാന്‍ കൊതിച്ചിരുന്നോ?
അതോ മഴയെപ്പുണരാന്‍ ആ ശലഭം കൊതിച്ചിരുന്നോ..?


എന്തോ, ഒരു ഇടിമിന്നലില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
എമര്‍ജന്‍സി ലാമ്പിന്റെ പ്രകാശമായിരിക്കാം ആ ശലഭത്തിനെ എന്റരികിലേക്ക് ആകര്‍ഷിച്ചത്..


ഇപ്പോള്‍ എന്റെ വിരല്‍ത്തുമ്പിലുണ്ട് നറുപുഷ്പം പോലെ..
ഒരു നിശാസുരഭി പൂത്തുലഞ്ഞത് പോലെ..
എന്തേ, ഞാന്‍ നിന്നെ ഇഷ്ടപ്പെടുകയാണൊ, ഈ രാത്രിയില്‍..


അറിയില്ലാ.. എനിക്കേതുമറിയില്ലാ..


അറിയാതെ എന്നില്‍ ഏതോ ദു:ഖമുണരുന്നുണ്ട്..
ഹൃദയമിടിപ്പ് പോലെയാണ് നിനക്കും നിശാസുരഭിക്കും ആയുസ്സെന്നോര്‍ത്താണോ..?
വിടര്‍ന്നൊന്ന് സൂര്യനെക്കാണും മുമ്പേ കൊഴിയുന്നതെന്തേ..?


അറിയില്ലാ.. എനിക്കേതുമറിയില്ലാ..
അറിയില്ലാ.. എനിക്കേതുമറിയില്ലാ..
----------------------------------------------------------------------------
*ചിത്രം ഇന്ന് എന്റെ മൊബൈലില്‍ എടുതത്..(Nokia N73)
**ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായ് കാണാന്‍ പറ്റും..
** *** **

13 October 2011

നിന്റെ കത്തുകളിലൂടെ..


ഇന്നലെ
ഒരാവര്‍ത്തി കത്തുകളിലൂടെ
നിന്റെ നഷ്ടവാത്സല്യം-
തിരഞ്ഞ് ഞാന്‍

കണ്ടു,
തൊട്ടറിഞ്ഞു-
നെറുകയില്‍, നിന്റെ
സ്നേഹസ്പര്‍ശം.

താളുകള്‍ മറിച്ച്
വേറെയും
പലതും തിരഞ്ഞ്
വേപഥുവോടെ..

അറിയുന്നു ഞാനിന്നും
നിന്റെ ആശ്വാസവാക്കുകളും
സങ്കടങ്ങളും
സന്തോഷവേളകളും, എല്ലാം..

ഇന്നലെയുടെ പൊടിവീണ
നിന്റെ കത്തുകളിലൂടെ.

എന്തിനോ, എപ്പഴോ
നീ
അരുതെന്ന് വിലക്കിയ
നിമിഷം വരെ..

അറിയുന്നു ഞാനിന്നും
ഇന്നലെയുടെ പൊടിവീണ
നിന്റെ കത്തുകളിലൂടെ,
നിന്റെ കത്തുകളിലൂടെ..

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

25 August 2011

പ്രണയവും സംഗീതവും മറക്കാന്‍

  

വജ്രശലാകകള്‍
തുളച്ചിറക്കിയൊരു മുറിവ്-

വ്രണച്ചൂടില്‍
കൊക്കുരുമ്മിയൊരു പക്ഷി-

അസ്തമനക്കാറ്റില്‍
ഒഴുകിയൊരു വീണാനാദം

വിടരുന്ന മുറിവിനെയും
പടരുന്ന ഇരുളിനെയും
കൊതിയോടെ
വാരിപ്പുണര്‍ന്നു ഞാന്‍-

പ്രണയവും സംഗീതവും മറക്കാന്‍..

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

07 August 2011

അടിവരകളിടേണ്ടത്

  

പദങ്ങള്‍-

നിറങ്ങള്‍,
നിഴലുകള്‍


നിര്‍വ്വചനങ്ങള്‍-

കറുപ്പും വെളുപ്പും
നിറമല്ലെന്ന് ശാസ്ത്രം
ഏഴുനിറങ്ങളാം സൗന്ദര്യം
ഒതുക്കിയാല്‍ കറുപ്പെന്നറിയുക
ഹൃദയം കണ്ണാടിയെങ്കില്‍
വെളുപ്പെന്നറിയാന്‍ വൈകയുമരുത്.

നിഴലുകള്‍ക്ക് നീളമേറുമെന്ന്
കാലമോതുന്നു-
ഒപ്പം, ഓര്‍മ്മകള്‍-
കണ്ടെടുക്കാന്‍ കാലമേറുമെന്നും..


അടിവരകള്‍-

സ്വപ്നമേകാം
നിറങ്ങളന്യമെങ്കില്‍ നന്ന്,
ഓര്‍മ്മകളെയൊരുക്കാം
നിഴലുകളന്യമെങ്കില്‍ നന്ന്..
-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

26 July 2011

ഒന്നും പറയാതെ..

  
യാത്ര
നിന്നില്‍ നിന്ന്
എന്നിലേക്ക്

ദൂരം
ഒരു ഞൊടി
അതോ ഒരു കാതം(?)

നാവ്,
ഉണര്‍ന്നില്ല
വിടയോതുവാന്‍

ഹൃദയം
നൊന്തുവോ(?)
അടര്‍ന്നപ്പോള്‍

കണ്ണുകള്‍
നിറച്ചുവോ(?)
ബാഷ്പകണങ്ങള്‍

ഒരു വഴിയും കുറേനിഴലുകളും*
പിന്തുടര്‍ന്നത് കാലടികളെ,

അകന്നകലെ സൂര്യനൊപ്പം-
മായുന്നു നീള്‍ഛായകള്‍

അടരുന്നു ചിതല്‍പ്പുറ്റുകള്‍
കൊഴിയുന്നു ചില്ലുചിറകുകള്‍..


-------------------------------------------------
*രാജലക്ഷ്മിയുടെ നോവലിന്റെ പേര്.
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

15 July 2011

തലയി(ലൊന്നുമി)ല്ലാത്തവര്‍

 

(വിവരണം)
ഒരുടല്‍
കഴുത്തില്‍ മുഖ-

പ്രതലമടക്കമുള്ളത്..,
മുഖംമൂടി-
പതിയാനായ് മാത്രം.

കൈകളാല്‍ തപ്പി
മുഖമുണ്ടെന്നുറപ്പിനാല്‍
എണ്ണിത്തിട്ടപ്പെടുത്തി-
യതിലെ ഇന്ദ്രിയങ്ങള്‍..

അവയിലെന്തോ കുറവ്,
മുഖത്തിനുമപ്പുറം
ശൂന്യതയ്ക്കുമിപ്പുറം
ഒരു ശൂന്യത കൂടി..

സാരം-
കാണുന്നവര്‍ക്ക്.

(സാരാംശം)
ഇന്നലെ
മുഖം കൈകളാല്‍ മറച്ചു
ഇന്ന് മുഖംമൂടിയിലൊളിച്ചു
നാളെ പ്ലാസ്റ്റിക് സര്‍ജറിയില്‍(?)
അവസാനം ഒരു പിടി ചാരം..

പരിശീലമാക്കുക,
നിങ്ങളെന്നും, കണ്മൊഴി,
മുഖങ്ങളോട് മാത്രം
ചൊല്ലിക്കൊണ്ടേയിരിക്കാന്‍..

(സംക്ഷിപ്തം)
അഭിന്ദനങ്ങള്‍
ആശംസകള്‍..


-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

04 June 2011

എഴുതാപ്പുറങ്ങള്‍ഈ ബ്ലേഡ് നിന്റേതല്ലെ? ഇതാകെ വളഞ്ഞൊടിഞ്ഞിരിക്കുന്നല്ലോ, സത്യം പറയണം നീ തന്നെയല്ലെ അനിലിന്റെ ബേഗ് മുറിച്ചത്?

വൈകുന്നേരം സ്കൂള്‍ വിട്ടതിനു ശേഷമുള്ള നിശബ്ദതയില്‍ ഹാളില്‍ മുഴങ്ങിയ, ചന്ദ്രന്‍മാഷിന്റെ ശബ്ദം, കള്ളം പിടിക്കപ്പെട്ടവന്റെ അടഞ്ഞ ചെവിയില്‍ എത്തിയിരുന്നില്ലെന്ന്‍ അരവിന്ദന്‍ സ്വയം ഓര്‍ത്തു. എന്തായിരുന്നു ആ പ്രവൃത്തിക്ക് പിന്നിലുള്ള ചേതോവികാരം? ഇല്ലായ്മയുടെ മുറിവില്‍ പലപ്പോഴും അനില്‍ പുരട്ടാറുള്ള അവഹേളനത്തിന്റെ ഉപ്പുപരല്‍..? അതോ ദാരിദ്ര്യം നിശബ്ദനാക്കപ്പെട്ടവന്റെ അസൂയ..?

അതുവരെ തലയുയര്‍ത്തി നടന്നിരുന്ന തനിക്ക് പലതും നഷ്ടമായതില്‍ ഒന്ന് കണക്ക് പഠിപ്പിച്ചിരുന്ന മാഷിന് തന്നോടുള്ള മമതയായിരുന്നു.

ബഹുമാനപ്പെട്ട ചന്ദ്രന്‍ മാഷിന്
അറിയില്ല, ഞാനത് ചെയ്തത് എന്തിനായിരുന്നെന്ന്. എനിക്ക് അന്ന് നഷ്ടമായ മുഖം പിന്നീടൊരിക്കലും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും തെറ്റില്‍ നിന്നും..

"Hello Aravindhan, what are you thinking on this crucial moment?
I want the revised document within half an hour, understand?!"

"Yes sir, it will be ready on time"

“ദൈവമേ നീയെനിക്ക് ശക്തി തരല്ലേ, എന്തെന്നാല്‍ ഞാനീ മരത്തലയന്റെ തല അടിച്ച് പൊട്ടിക്കാതിരിക്കാന്‍..” ബോസിന്റെ ഓഡറിന് മുമ്പില്‍ ഓച്ഛാനിച്ച് നിന്ന തന്റെ ചിന്ത പോയ വഴിയോര്‍ത്ത് അരവിന്ദന്റെ മുഖത്തൊരു ചെറുചിരി വിടര്‍ന്നു. ഇന്നലെ തുടങ്ങിയ ISO ഓഡിറ്റിംഗാണ്, ഔട്ട് ഡേറ്റഡായ പല ഡോക്യുമെന്റുകളും തിരുത്തി ഒറിജിനലിനെ വെല്ലുന്നതാക്കി ഓഡിറ്ററെ പറ്റിക്കലാണ് ഇന്നലെയും ഇന്നുമുള്ള ജോലി. ഇത് എല്ലാ ഓഡിറ്റിംഗിലും സ്ഥിരം തന്നെ. ബേഗ് മുറിച്ച ആ പഴയ കുറ്റവാളി ഇന്ന്‍ കള്ളത്തരം ഔദ്യോഗികമായി നിര്‍വ്വഹിക്കുന്നുവെന്ന ഓര്‍മ്മയാണ് സ്കൂളിലെ ഓര്‍മ്മയിലേക്കെത്തിച്ചത്.

ബഹുമാനപ്പെട്ട ചന്ദ്രന്‍ മാഷിന്
അറിയില്ല, അന്ന് ഞാനത് ചെയ്തത് എന്തിനായിരുന്നെന്ന്. എനിക്ക് അന്ന് നഷ്ടമായ മുഖം പിന്നീടൊരിക്കലും വീണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇന്നും തെറ്റില്‍ നിന്നും കൂടുതല്‍ തെറ്റിലേക്കാണോ അതോ തെറ്റിലൂടെ ശരിയിലേക്കാണോ യാത്ര എന്നറിയില്ല. എന്നെങ്കിലും നാട്ടില്‍ വന്നാല്‍, ആ പഴയ ക്ലാസില്‍ വരണമെന്നുണ്ട്..

വേറൊന്നിനുമല്ല,

ഒഴിഞ്ഞ ക്ലാസ് മുറിയില്‍ ഒറ്റയ്ക്കൊന്നിരിക്കാന്‍
അറിഞ്ഞ് ചെയ്ത തെറ്റൊന്നോര്‍ത്തിരിക്കാന്‍,

ഓര്‍ത്തൊന്നുറക്കെ സ്വയം കലഹിക്കാന്‍
സ്വയമൊന്ന് വിലയിരുത്താന്‍,

അവിടെ നിന്ന്, ഇന്ന് എവിടെയാണ് ഞാന്‍-
എന്നൊരുമാത്ര ഓര്‍ക്കുവാന്‍..

സസ്നേഹം..
അരവിന്ദന്‍.

മനസ്സിന്റെ താളില്‍ ചന്ദ്രന്‍ മാഷിന് കുറിച്ച വരികള്‍ക്ക് അടിവരയിട്ട്, പഴയ ഡോക്യുമെന്റ് പുതുക്കുവാനുള്ള പണിയിലേര്‍പ്പെടാന്‍ അരവിന്ദന്റെ കൈകള്‍ കമ്പ്യൂട്ടര്‍ മൗസില്‍ പടര്‍ന്നു..
----------------------------------------------------------------------------
*ചിത്രം ഗൂഗിളില്‍ നിന്ന്.
** *** **

01 June 2011

ജലരേഖ

മഴ പെയ്തുകോണ്ടേയിരിക്കുന്നു. ഇവിടെ മഴക്കാലം വരവായ് എന്ന് പറഞ്ഞാല്‍ തെറ്റാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും മാര്‍ച്ചിലും ഏപ്രിലിലും ഇതുപോലെ പെരുമഴ പെയ്യാത്ത ദിവസം ഉണ്ടായിരുന്നില്ല..

ഈ മഴ ഇന്നലെ (31-May-11) വൈകീട്ട്, ഉച്ചബ്രേക്കിന് കാന്റീനിലേക്ക് പോകും വഴി എടുത്തതാണ്.

സിമന്റ് മുറ്റമെങ്കിലും, ഇറവെള്ളം വരയ്ക്കുന്ന ജലരേഖയും നോക്കി നിന്നു..
-------------------------------------------------
*ചിത്രം എനിക്ക് സ്വന്തം, ഇനിയിപ്പൊ നിങ്ങളുടേതും.. :)

11 May 2011

മഴയില്‍ ഞാന്‍..

 
ഒരു തുള്ളിയില്‍
മഴ,
നീയൊരു
സാന്ത്വനമായ്,

നിന്റെ നനവില്‍
ഞാനലിയും
അന്നെന്റെ
വ്യഥകള്‍ മറക്കും,

നീ
പെയ്തൊഴിയുന്നു

അന്നാ
വിരഹത്തില്‍
ഞാന്‍ മുഖമൊളിക്കും

വീണ്ടും
നീണ്ടവാനപാതയില്‍
നീള്‍മിഴിയോടെ
നിന്നെയും കാത്ത്..

ശമനശ്വാസത്തില്‍
തീര്‍ത്ഥമായ്-
മഴ,


നീയെനിക്കാര്

വാത്സല്യവിരലാല്‍
തഴുകിടാന്‍
മഴ,


നീയെനിക്കാര്..
-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

06 March 2011

അവള്‍ വിളിക്കുന്നു

“വീണ്ടുമൊരു തിര
എന്റെ കാല്‍ ചുംബിച്ചകലുന്നു
കിക്കിളി കൂട്ടി
മണല്‍ത്തരികള്‍ ഇളകുന്നു

കടല്‍ എന്നെ വിളിക്കുന്നു
വരൂ നിന്നെ ഞാന്‍ പുണരാം
നിനക്കീ നീലിമയിലലിയാം
എന്റെ നെഞ്ചോട് ചേര്‍ന്നുറങ്ങാം..”

(അത് വെറുതെ.. ഹാ, എന്റെ തോന്നലായിരിക്കാം,
അതോ വട്ടാണോ..ഹേയ്.. വഴിയില്ല, ഗുളിക കുടിച്ചതാണല്ലോ, ഹിഹിഹി!!)
------------------------------------------------------------------
*ഫോട്ടൊ (പഴയതാണ്) കണ്ണൂര്‍ പയ്യാമ്പലം ബീച്ചില്‍ നിന്ന്, ‘ഗ്യേമറ’ N73 മൊബൈല്‍ ഫോണിലേത്.


** *** **

04 February 2011

സമതലങ്ങളിലൂടെ

“നാട്ടിലേക്ക് പോക്വാണ്,
അടുത്ത മാസം ഏഴിന് വൈകീട്ടാണ് ഫ്ലൈറ്റ് ബുക്ക് ചെയ്തത്,
കൂടെ പോരില്ലേ?”

ഇ-മെയിലിലെ മൂന്നുവരികളിലേക്ക് നോക്കി അവള്‍ക്കൊരു മറുപടി എഴുതാന്‍ വാക്കുകള്‍ക്കായ് അവന്‍ കാത്തിരുന്നു.

“അവസാ‍നം പോകാന്‍ സാധിച്ചു, അല്ലെ? എന്തായാലും നാട്ടിലേക്ക് ഞാനില്ല”

‘സെന്റ് മെയില്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അവന്റെ വിരലുകള്‍ പതറിയിരുന്നു.


*****

“ഇനി മിണ്ടാന്‍ ഞാന്‍ വരില്ല”

അവന്റെ ആ വാക്കുകള്‍ക്ക് എന്നത്തെയും പോലെ ആയ്ക്കോട്ടെ എന്ന് പറയാനേ അന്നത്തെ പിണക്കത്തിനവസാനം പിരിയാന്‍ നേരം അവള്‍ക്ക് മറുപടി ഉണ്ടായിരുന്നുള്ളു. ദിവസങ്ങള്‍ കൊഴിഞ്ഞ് വീഴുമ്പോഴും ഒരു നഷ്ടപ്പെടലിന്റെ തുടക്കമായിരുന്നു ആ പിണക്കമെന്ന് അറിയാന്‍ കഴിഞ്ഞിരുന്നില്ല.

ജോലിഭാരത്താല്‍ ശരീരം തളര്‍ന്നിട്ടും ഉറങ്ങാത്ത പല രാത്രികളിലും തോന്നി, ഇനിയും പിടിച്ച് നില്‍ക്കാനാവില്ലെന്ന്. ഉറ്റവരെ കാണുവാനല്ല, മറിച്ച് ലോകത്തിന്റെ രണ്ടറ്റത്താണെങ്കിലും മനസ്സുകൊണ്ട് എന്നും ഒന്നായ് ഉറങ്ങി എഴുന്നേറ്റവര്‍ ഇന്ന് ഒരുപാട് ദൂരെയാണ്. ഏതെങ്കിലുമൊരകലത്തില്‍ വെച്ച് നഷ്ടമാകാതിരിക്കാന്‍, നാട് എന്ന കണ്ണിയാല്‍ വിളക്കിച്ചേര്‍ക്കാന്‍ ഒരു ശ്രമം. അതായിരുന്നു ആ വരികളിലൂടെ താന്‍ ആഗ്രഹിച്ചിരുന്നതെന്ന് അവള്‍ ഓര്‍ത്തു.

“അവസാ‍നം പോകാന്‍ സാധിച്ചു, അല്ലെ? എന്തായാലും നാട്ടിലേക്ക് ഞാനില്ല”

ഓഫീസില്‍ വെച്ച് രാവിലെ കണ്ട മറുപടി മെയിലിലെ ആ അക്ഷരങ്ങളെ കാണെക്കാണെ വെള്ളമൂടുന്നത് പോലെ തോന്നിയത് ഓര്‍മ്മയുണ്ട്. എഴുന്നേറ്റ് ബാത്ത് റൂമിലേക്കുള്ള, ധൃതിപിടിച്ച നടത്തത്തിനിടയില്‍ ബെറ്റിയുടെ മേശപ്പുറത്തെ കാപ്പി ഒഴിഞ്ഞ മഗ്ഗ് കൈതട്ടി താഴെ വീണ് ഉടഞ്ഞതും, പിരിയഡ് ദിവസമടുത്തെന്ന് രണ്ട് ദിവസം മുമ്പേ പറഞ്ഞത് ഓര്‍ത്തിട്ടെന്ന പോലുള്ള അവളുടെ മുഖത്ത് വിരിഞ്ഞ മന്ദഹാസവും ടവ്വലാല്‍ മൂക്ക് പിഴിയുന്നതിനിടയില്‍ കണ്ടില്ലെന്ന് നടിച്ചു. ബാത്ത് റൂമില്‍ വെച്ച് ദീര്‍ഘനിശ്വാസത്തിനിടയില്‍ ഒന്നുരണ്ടാവര്‍ത്തി തികട്ടിയ ഏങ്ങലിനെ ഫ്ലഷിന്റെ ശബ്ദത്തില്‍ മുക്കിക്കൊല്ലാന്‍ അവള്‍ പണിപ്പെട്ടു. വാഷ് ബേസിനു മുകളിലെ കണ്ണാടിയില്‍ നോക്കാന്‍ ധൈര്യമില്ലാതെ, മുഖം കഴുകി തുടച്ച് തിരികെ സീറ്റിലേക്ക്..

ലീവ് ഫോം പൂരിപ്പിക്കുമ്പോഴേക്കും ബെറ്റിയിലൂടെ “ന്യൂസ്” പരന്നതിനാല്‍ ഓഫീസ് വിട്ടിറങ്ങുമ്പോള്‍ ആരെയും കാരണം ബോധിപ്പിക്കേണ്ടി വന്നില്ല. ആ അന്തരീക്ഷത്തില്‍ നിന്നും രക്ഷപ്പെട്ട് ലിഫ്റ്റിറങ്ങുന്നതിനിടയില്‍ ഫ്ലൈറ്റ് ടിക്കറ്റ് ബൂക്ക് ചെയ്ത ട്രാവല്‍ ഏജന്‍സിയുടെ നമ്പര്‍ അവള്‍ തന്റെ മൊബൈലില്‍ പരതുകയായിരുന്നു.
------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

15 January 2011

മടക്കയാത്ര - നഗരത്തില്‍ നിന്ന് നാട്ടിലേക്ക്


ഒന്നര വര്‍ഷത്തിലേറെയായിരുന്നു നഗരജീവിതത്തിന്റെ തിരക്കുകളിലും വൃത്തിയിലും അതിനേക്കാള്‍ വൃത്തിഹീനതയിലും ഒരാളായിട്ട്. ഓണം ഒരു ഗൃഹാതുരസ്മരണയായ് നിറയാത്ത മലയാളികളില്ല. ഞാനും മടങ്ങി, എന്റെ നാട്ടിലേക്ക്, വീട്ടിലേക്ക് - പ്രകൃതിയുടെ പച്ചപ്പിനെ എന്നിലേക്ക് ആവാഹിക്കാന്‍, ഓണത്തിന്റെ നന്മ നുകരാന്‍‍‍.

കോയമ്പത്തൂര്‍ സ്റ്റേഷനില്‍, തലേന്ന് തയ്യാറാക്കിയ ചെറുബാഗുമായ് എത്തുമ്പോഴേക്കും ട്രയിന്‍ പുറപ്പെടാനൊരുങ്ങിയിരുന്നു. രാവിലെയായതിനാല്‍ തിരക്ക് കുറവായിരുന്നു. നേരിയ തണുപ്പുള്ള ദിവസം, യാത്രയില്‍ അത് ആസ്വാദ്യകരം തന്നെ.

പൊഴിയുന്നു മഞ്ഞുകണങ്ങള്‍
സൈകത നെറുകയില്‍,
ഈ കുഞ്ഞിളം തണുപ്പില്‍
ചെറുകാറ്റിനു പോലും മടി-
എന്നളകങ്ങളെ തഴുകും
വിരലുകളായ് മാറാന്‍..


ഈ ഇളം തണുപ്പില്‍ ഒന്ന് മൂടിപ്പുതച്ച് ഉച്ചവരെ ഉറങ്ങാനുള്ള കൊതിക്കിടയില്‍ കണ്ണുകള്‍ പുറത്തേക്ക് നട്ട് പിറകിലേക്കൊടി മറയുന്ന കാഴ്ചകളില്‍ മുഴുകി. പാലക്കാട് പ്രദേശങ്ങളിലെത്തിയപ്പോള്‍ പച്ച വിരിച്ച വയലേലകള്‍ നല്ല കാഴ്ചയായിരുന്നു. എവിടെയായിരുന്നുവെന്നറിയില്ല, മയിലുകള്‍ (മൂന്നാലെണ്ണം), എന്റെ നാട്ടില്‍ കോഴികള്‍ക്കുള്ള പോലെ സ്വാതന്ത്യമനുഭവിച്ച്, കൊയ്ത്ത് കഴിഞ്ഞ പാടത്ത് കൊത്തിപ്പെറുക്കുന്നത് ഒരു മാത്ര കണ്ടിരുന്നു..


കോഴിക്കോട് നിന്നുള്ള കാഴ്ച്ച. മൂന്നാമത്തെ ചിത്രം കണ്ണൂരിലെ പയ്യാമ്പലം ബീച്ചില്‍ നിന്ന്. (മൂന്ന് ചിത്രങ്ങളും കോയമ്പത്തൂര്‍ ടു കണ്ണൂര്‍ യാത്രയ്ക്കിടയില്‍ നിന്നല്ല, ഈ അവധിദിനങ്ങളില്‍ ഉള്‍പ്പെട്ടതിനാല്‍ ഇവിടെ കാണിക്കുകയാണ്.)


വീട്ടിലെത്തി കുളിജപമൊക്കെ കഴിഞ്ഞ് ഒന്നരവര്‍ഷമായ് അന്യമായ തൊടി തെണ്ടാനിറങ്ങി ഞാന്‍. അപ്പോഴാണിവളെ കാണുന്നത്. നാല് വര്‍ഷം മുമ്പേ അഛന്‍ പശുവളത്തല്‍ പരിപാടി നിര്‍ത്തിയതാണ് . ഇവളേതെന്ന് അന്വേഷിച്ചപ്പോള്‍ നമ്മടെ വീട്ടിലേത് തന്നെ. (നോക്കണേ അഛന്‍ ഇതേപ്പറ്റി ഒരക്ഷരം എന്നോട് അതേവരെ മിണ്ടണല്ലൊ, ഏഹെ, ഇല്ലാന്നെ. ചോദിച്ചപ്പോള്‍ പറയുകാ, ഓ.. ഞാനത് മറന്ന് പോയീ എന്ന്!) അവളെ തൊട്ടും പിടിച്ചും തലോടിയുമൊക്കെ ഒന്നിണക്കാനും ഇണങ്ങാനും ഇത്തിരി സമയമെടുത്തു. രണ്ടാമത്തെ ചിത്രത്തില്‍ ഓട്ടക്കണ്ണിട്ട് നോക്കുന്ന അവളുടെ ഒരു ഭാവം നോക്കിക്കേ!


ഓണപ്പൂക്കളം തീര്‍ക്കാനാളില്ലാത്തതിന്റെ കുറവ്-മുറ്റത്തെ ശുഷ്കിച്ച പൂക്കളത്തില്‍ കാണാം, ചെമ്പരത്തി ആകാശം മുട്ടെ വളര്‍ന്നെന്ന് അഹങ്കരിക്കുകയാണോ?, ഓണത്തിന് ഞാന്‍ പൂവ് തരില്ലെന്ന വാശിയില്‍ ഓണച്ചെടി, അവള്‍ ഓണം കഴിഞ്ഞ് പൂത്തപ്പോള്‍ (നാലാമത്തെ ചിത്രം)


തെങ്ങിന്‍ തടത്തിലെ കൂവകൃഷി, പാറപ്പുറത്ത് മണ്ണിറക്കി അതില്‍ ചേമ്പ് പിന്നെ പയറും വെണ്ടയ്ക്കയും മറ്റും പച്ചപിടിച്ച് കാണാം. എല്ലാം അച്ഛന്റെ സംരംഭമാണ് കേട്ടൊ. നല്ല പച്ചക്കറി കൂട്ടി നന്നായി തിന്നുറങ്ങി കൂറച്ചീസം. അല്ലാണ്ട് എനിക്കെന്താ പണി വീട്ടില്‍ വന്നാല്‍!


തെങ്ങുകളൊക്കെ വളര്‍ന്ന് വലുതായിപ്പോയ്. വാഴ കുലച്ചത് കണ്ടപ്പോള്‍ ചെറുപ്പകാലത്തെ ചില വികൃതികള്‍, ഏട്ടനുമൊത്ത്, ഓര്‍മ്മവന്നു. സന്ധ്യയ്ക്ക് തേന്‍ കുടിക്കാന്‍ വരുന്ന കടവാവലിനെ1 മുള്ളിക്കയുടെ2 മുള്‍ക്കമ്പിനാല്‍ പിടിക്കാന്‍ തക്കം പാര്‍ത്തിരിക്കും. അനക്കം കണ്ടാല്‍, അല്ലേലും ഇവറ്റകള്‍ക്ക് രാത്രില്‍ നല്ല കാഴ്ചയല്ലെ, നമ്മളെ കബളിപ്പിച്ച് പറന്ന് കളയും. ഇളിഭ്യരായ് ഞാനും ഏട്ടനും മുഖത്തോട് മുഖം നോക്കി പരിപാടി നിര്‍ത്തും! ഈ മൂന്നാമത്തെ ചിത്രം, ഏതാ ഈ വിരുന്നുകാരി? മുമ്പ് നമ്മുടെ വീട്ടുപറമ്പില്‍ ഞാനിയാളെ കണ്ടിട്ടേയില്ല. മറ്റുവീടുകളില്‍ മുമ്പേ കണ്ടിട്ടുണ്ട്. എന്നാലും ഇരിക്കട്ടെ ഒരു സ്നാപ്. തുളസി, വീട്ടുമുറ്റത്തിനരികില്‍. അവളെയും ഞാനെന്റെ മൊബൈല്‍ ക്യാമറയ്ക്കകത്താക്കി.


ആ കരിമ്പടന്‍ മന്ദാരച്ചെടിയെ കരണ്ട് തിന്നുന്നു, ദുഷ്ടന്‍! എന്താ ചെയ്ക, ‘ബേപ്പൂര്‍ സുല്‍ത്താന്റെ’ ഭാഷയില്‍ പുഴുവും ഉറുമ്പും മൂര്‍ഖനുമെല്ലാം ഭൂമിയുടെ അവകാശികളായിപ്പോയില്ലേ.ഇത് തറവാട്ടിലേക്കുള്ള വയല്‍ വരമ്പാണ്.
മനസ്സില്‍ കുളിരേകുന്ന ഓര്‍മ്മകളുടെ ഇടത്താവളം
നീരൊഴുകുന്ന കൈവഴിക്ക് കുറുകെയുള്ള ചെറുമരപ്പാലവും
കരിങ്കല്‍പ്പടികളുമാണ് വയല്‍ക്കരയിലെ വീട്ടിലേക്കുള്ള വഴി-
ഇവിടെയാണ് എന്റെ കാലടികള്‍ ആദ്യം പതിഞ്ഞിടം,
ഇവിടെയാണ് ഞാനാദ്യമായ് വീണതും,
മുട്ടില്‍ ചോരപൊടിഞ്ഞതും,
വലിയവായില്‍ നിലവിളിച്ച് കരഞ്ഞതും..

ഇത്തിരി വലുതായപ്പോഴുള്ള ഓര്‍മ്മയില്‍, കരഞ്ഞാല്‍-കുഞ്ഞമ്മാവനോടിയെത്തും. സാന്ത്വനിപ്പിക്കാനാണെന്ന് കരുതിയാല്‍ തെറ്റി, വന്നിട്ടൊരു പിടുത്തമുണ്ട്, മൂക്കില്‍. ശ്വാസം മുട്ടി ചത്തുപോകണ പിടുത്തം! എന്റെ കൈയ്യെന്താ പണയത്തിലോ? പിച്ചും മാന്തും ഒരു പിശുക്കുമില്ലാതെ ഞാനും കൊടുക്കും! അമ്മേം അമ്മമ്മേം അമ്മായീം മറ്റും കണ്ട് ചിരി, ആകെ ബഹളം. ഞാനോ പിണങ്ങിയൊരു മൂലയ്ക്കിരിക്കും.. അങ്ങനെ എന്തെല്ലാം ഓര്‍മ്മകള്‍..

ഉമ്മറത്ത് നിന്നും കാണാം ഒഴുകുന്ന ആ കുഞ്ഞരുവി, വേനലില്‍ അവളുടെ കൊഞ്ചലുണ്ടാവാറില്ല. എങ്കിലും ഇപ്രാവശ്യം എനിക്കായവള്‍ കാത്തുവെച്ചത് ഞാനിവിടെ പകര്‍ത്തിയിരിക്കുന്നു. അമ്മമ്മയെ കണ്ടില്ലേ? ചെറുപ്പത്തില്‍ ‘വെല്ല്യ’ സുന്ദരിയായിരുന്നിരിക്കണം.
** *** **

എല്ലാം പാതിവഴിയില്‍ താത്കാലികമായ് നിര്‍ത്തി എല്ലാവരോടും യാത്രയോതി വീണ്ടും നഗരത്തിന്റെ തിരക്കിലേക്കലിയാന്‍ മടങ്ങുകയാണ്. ഈ വര്‍ഷാവസാനം ഓര്‍മ്മകളില്‍ സൂക്ഷിക്കാനൊരുപാട്. ബ്ലോഗെഴുത്തും, മറക്കാനാവാത്ത ഓണനാളുകളും, കുഞ്ഞുകുഞ്ഞു വേദനകളും സന്തോഷങ്ങളുമൊക്കെയായ് നിറയുമെന്നും 2010.

ഏവര്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍.
ഏകട്ടെ നിങ്ങള്‍ക്കെല്ലാവര്‍ക്കും നല്ല ആശയങ്ങളും
എഴുത്തില്‍ പുതുഭാഗ്യങ്ങളും.

എല്ലാ നന്മയും നേര്‍ന്നുകൊണ്ട്
നിശാസുരഭി.
------------------------------------------------------------------
*ഇത്തവണ ചിത്രങ്ങളെല്ലാം എന്റെ സ്വന്തം ;)
1.കടവാവല്‍ എന്ന് വെച്ചാല്‍ വവ്വാലിന്റെ ചെറിയ ഇനം.
2.മുള്ളിക്ക ഒരു കുറ്റിച്ചെടിയാണ്. ഇതിന്റെ ശിഖരമാകെ ഉറപ്പുളള മുള്ളുകളായിരിക്കും. വവ്വാലിനെ പിടിക്കാന്‍ നാട്ടിലെ കുസൃതിപ്പിള്ളേര്‍ക്കുള്ള എളുപ്പവഴി ആയതിന് കാരണം ഇത് തന്നെ. എട്ട് അടിയോളം നീളത്തില്‍ വളരണ ഇതില്‍ വേനല്‍ക്കാലത്ത് കായുണ്ടായ് പഴുത്താല്‍ കറുത്ത നിറമാണ്. തിന്നാന്‍ നല്ല രുചിയും. പുറം തോല്‍ മാത്രമേ കഴിക്കുകയുള്ളു. മഞ്ചാടിക്കുരുവിന്റെ വലുപ്പമുണ്ടാകും കായയ്ക്ക്.
** *** **

01 January 2011

ഇരകള്‍“നിനക്കിതിന്റെ ആഴം അളന്ന് നോക്കാമോ?”

സൂയിസൈഡ് പോയിന്റില്‍ അവനോടൊപ്പം നില്‍ക്കുമ്പോള്‍ ഞാനെന്റെ കണ്ണുകളോടാണ്
ആ ചോദ്യം എറിഞ്ഞത്.

“ശരി, നോക്കാം”

പക്ഷെ -

ഒരിമവെട്ടലിന്റെ വേഗത്തിനേക്കാള്‍, കണ്ണുകള്‍ പറഞ്ഞത് ഞാനറിഞ്ഞതിനും മുമ്പേ,
എന്നെ ആഴത്തിലേക്കെറിഞ്ഞത് ആരായിരുന്നു..

കണ്ണുകള്‍ക്ക് മുമ്പേ ചോദ്യത്തിനുത്തരം തേടാനാഗ്രഹിച്ചത് ആരായിരുന്നു..?

--------------------------------------------------------------------------------------------------
സമര്‍പ്പണം : സമൂഹത്തിലെ, കുതികാല്‍ വെട്ടിമാറ്റപ്പെട്ട-ബലിയാടാക്കപ്പെട്ട ഇരകള്‍ക്ക്.
--------------------------------------------------------------------------------------------------
*ചിത്രം ഗൂഗിളില്‍ നിന്ന്.
** *** **
Related Posts Plugin for WordPress, Blogger...