11 February 2012

ഔട്ട് ലൈന്‍

"..ഒരു സ്കൂപ് ഒത്ത് വരുവോളം കാക്കാന്‍ എനിക്കാവില്ല, ഇന്നലെയും ഞാന്‍ പറഞ്ഞിരുന്നു ഈ ശമ്പളത്തിന് മൂന്ന് വര്‍ഷമായ് ജോലി തുടരുന്നത്.”

ഷര്‍ട്ടിന്റെ തടിച്ച അറ്റത്താല്‍, ഫ്രിഡ്ജില്‍ നിന്നെടുത്ത ടിന്‍ ബിയറിന്റെ തുറന്ന ഭാഗം തുടച്ച് തീന്‍ മേശയ്ക്കരികിലേക്ക് നീങ്ങുമ്പോള്‍ ബാലുവിന്റെ മുഖം കനത്തിരുന്നു.

മേശയില്‍ താടിക്ക് മുട്ടുകൈയ്യൂന്നിയിരിക്കുന്ന ദീപയില്‍ ഒരു മന്ദഹാസം വിടര്‍ന്നൊളി ചിന്നിയത് ബാലു കണ്ടു.

“ഹ് മം..?”

ബാലുവിന്റെ ചോദ്യഭാവത്തിന് ചിരി മാത്രമായിരുന്നു ദീപയുടെ മറുപടി.

വിലക്കയറ്റത്തിന്റെ അനുപാതത്തിലല്ലെങ്കിലും ഇത്തിരിയെങ്കിലും ശമ്പളവര്‍ദ്ധന നല്‍കാത്തതിന്റെ അമര്‍ഷവും പ്രണയിച്ച പെണ്ണിനെ “തട്ടിക്കൊണ്ട്” പോയ് കല്യാണം കഴിച്ച് മാന്യമായ് ജീവിച്ച് അഞ്ചെട്ട് മാസമായിട്ടും അമ്മായിഅപ്പനും കുടുംബവും തിരിഞ്ഞ് നോക്കാത്തതിന്റെ ഈര്‍ഷ്യയും ദീപയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

“ഊണ് വിളമ്പട്ടെ?”ചുളുക്കിയ ബിയര്‍ ടിന്‍ എടുക്കുന്നതിനിടയില്‍ അവളുടെ കൈ ബാലുവിന്റെ ഇടത് കൈയ്യിലമര്‍ന്നു.

“മ്..,” തുടര്‍ന്നെന്തോ പറയാന്‍ ബാലുവിന്റെ മുഖം വിടരുന്നതിനിടയില്‍ ദീപയുടെ കൈസ്പര്‍ശം ഒരു നുള്ളായ് രൂപാന്തരപ്പെട്ടിരുന്നു.

“നിന്നെ ഞാന്‍..”

“ഹാ, അവിടിരി.., ഞാനിതാ എത്തി.”

“ഹ് മം!”

കസേരയില്‍ നിന്നെഴുന്നേല്‍ക്കാനോങ്ങിയ ബാലുവിനെ, ദീപയുടെ ശബ്ദം അവിടെത്തന്നെ പിടിച്ചിരുത്തിയതിലും കൈവിട്ടതിന്റെ ഇളിഭ്യതയും ശബ്ദമായുയര്‍ന്നു.

** *** **

പ്രിയപ്പെട്ട പത്രാധിപര്‍ക്ക്

കഴിഞ്ഞ മാസം പതിനേഴാം തീയ്യതിയിലെ അപേക്ഷ പ്രകാരം അടുത്ത മാസം ആദ്യവാരം “മിന്നാരം” വാരികയില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന നോവല്‍ മേല്‍പ്രകാരമാണ് തുടങ്ങുന്നത്. കഥാകൃത്തിന്റെ അമിതസ്വാതന്ത്ര്യത്തില്‍ വിശ്വാസമില്ലാത്ത നിലയ്ക്ക് എന്നത്തേയും പോലെ ഇതും താങ്കള്‍ക്ക് അയച്ച് തരുന്നു, ഇന്നത്തെ വായനയുടെ “ട്രെന്റ്” അറിയിക്കാന്‍ അപേക്ഷിക്കുന്നു. പ്രവാസിയായതിനാല്‍ നമ്മുടെ നാട്ടിലെ വായനയുടെ വഴി ഇപ്പോള്‍ അറിയാന്‍ കഴിയുന്നില്ല. എന്നിരുന്നാലും താഴെ പ്രകാരം ചില “ത്രെഡ്” വികസിപ്പിക്കാനുദ്ദേശിക്കുന്നത് താങ്കളുടെ സമ്മതത്തിനു ശേഷം മാത്രമായിരിക്കും.

1. “സ്കൂപ്” കിട്ടാതെ അലയുന്ന ഭര്‍ത്താവിന്, രാജ്യത്തെ നിയമസഭാസമ്മേളനം റിപ്പോര്‍ട്ട് ചെയ്യിപ്പിച്ച് പ്രസിദ്ധനാക്കിക്കാം.
2. സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന ഈ അണുകുടുംബത്തിനെ രക്ഷിക്കാന്‍ “വെറുതെയല്ല പൊണ്ടാട്ടി” എന്ന തമിഴ് ചാനല്‍ പരിപാടിക്കയച്ച് ലക്ഷാധിപതിയാക്കി സ്വച്ഛജീവിതം നയിപ്പിക്കാം.
3. ഇത്തിരി എരിവും പുളിയും വേണമെങ്കില്‍ “വെറുതെയല്ല പൊണ്ടാട്ടി”യെന്ന പരിപാടിയില്‍ വിജയിയായ ഭാര്യയെക്കൊണ്ട് കണവനെ ഉപേക്ഷിച്ച് പ്രൊഡ്യൂസര്‍ക്കൊപ്പം ഒളിച്ചോടിപ്പിക്കാം.

താങ്കളുടെ വിലയേറിയ അഭിപ്രായവും പുതുനിര്‍ദ്ദേശവും കാത്ത് കൊണ്ട്,
വിശ്വസ്തതയോടെ
__________
(ഒപ്പ്)

----------------------------------------------------------------------------
*ചിത്രം ഗൂഗിളില്‍ നിന്ന്.

** *** **

04 February 2012

പറയാന്‍ ബാക്കിയുള്ളത്


 
കാഴ്ച്യ്ക്കുമപ്പുറം
എന്നില്‍ നിന്നും മറഞ്ഞ്..

എങ്കിലും
നിന്റെ കണ്ണാടിച്ചിത്രം
തെളിഞ്ഞതില്‍ പടര്‍ന്നത്
നീലവര്‍ണ്ണരാജികള്‍..

എപ്പഴായിരുന്നു
ഞാനിതെല്ലാം ശ്രദ്ധിച്ചിരുന്നത്?

നിനക്കോര്‍ത്തെടുത്ത്
ഇങ്ങനെ പറയാം-എന്നോട് മാത്രം;

ഒന്ന്-
എന്റെ മോഹങ്ങളിലെ
സ്വര്‍ണ്ണവര്‍ണ്ണം അടര്‍ന്ന നാള്‍
ഞാന്‍ വേദനിച്ചത്
അറിയാത്തതായ് നീ നടിച്ചപ്പോള്‍,

രണ്ട്-
അന്ന്, നിന്റെ കണ്ണിലെ തിളക്കം
കുറഞ്ഞനാള്‍
ഞാന്‍
നിന്നില്‍ നിന്നൊളിച്ചപ്പോള്‍,

മൂന്ന്-
ശലഭച്ചിറകുകളിലെ
അരിക്
പൊടിയാന്‍ തുടങ്ങിയ
വേനലിന്റെ പകുതിയില്‍..

ഇനിയുമേറെ;
നിനക്ക് എന്നോട് മാത്രം പറയാന്‍ ബാക്കിയുള്ളത്,
ഞാന്‍ നിന്നില്‍ നിന്ന് വായിച്ച് മുഴുമിക്കാത്തതും.

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **
Related Posts Plugin for WordPress, Blogger...