31 October 2010

തട്ടം പിടിച്ച് വലിക്കല്ലെ..


പുറത്ത് മഴ പെയ്യുന്ന ശബ്ദമാണ് അര്‍ദ്ധമയക്കത്തില്‍ നിന്നും സൈനബയെ ഉണര്‍ത്തിയത്. നിറവയര്‍ താങ്ങി മെല്ലെയവള്‍ എഴുന്നേറ്റു. “ഉമ്മാ, അത്തുണിയെല്ലം നന്‍ഞ്ഞ് തോന്ന്”

“ഞ്ഞിവ്ടെ അന്ങ്ങാണ്ട്ക്ക് ന്ന്ണ്ടാ? ഇമ്മയത്താ ഓള് തുണിയെട്ക്കാനോട്ന്ന്..” ശാസിക്കുന്നതിനിടയില്‍ ഉമ്മ തുണിയെല്ലാം വാരിയെടുക്കാന്‍ തുടങ്ങിയിരുന്നു.

അയല്‍പക്കത്തെ ശബ്ദമാണ് ‘മംഗള’ത്തില്‍ നിന്ന് മുഖമുയര്‍ത്തി അങ്ങോട്ട് നോക്കാന്‍ പ്രേരിപ്പിച്ചത്. സൈനബയ്ക്കിത് മാസം എത്രയാണൊ ആവൊ. ഏഴോ എട്ടോ മാസം വയര്‍ വളര്‍ന്നിട്ടുണ്ടാവണം, മാക്സിയുടെ താഴെഭാഗം കാലുകള്‍ കാണാന്‍ പാകത്തില്‍ പൊങ്ങിയിട്ടുണ്ടായിരുന്നു ഇന്നലെ കാണുമ്പോള്‍. എത്രയെന്ന് അമ്മയ്ക്ക് അറിയുമായിരിക്കും. ഏതായാലും ചോദിക്കാന്‍ പോയില്ല.

നാട്ടിലെ ചുരുക്കം മുസ്ലീം വീടുകളിലൊന്നാണ് സൈനബയുടേത്. അവളാണ് പത്തിരി ഉണ്ടാക്കാനും ബിരിയാണിയരിയുടെ വേവും അതിനൊഴിക്കുന്ന വെള്ളത്തിന്റെ കണക്കും പഠിപ്പിച്ചത്, എന്നിട്ടും ബിരിയാണി എപ്പോഴും വെന്ത് നാശമാകാറേ ഉണ്ടായിരുന്നുള്ളു. അന്നെല്ലാം മനോരാജ്യവും മംഗളവും വായിച്ച് അടുപ്പിനെ മറക്കുന്നതാണ് അതിന് കാരണം. സമപ്രായക്കാരായിരുന്നെങ്കിലും സൈനബയ്ക്കൊപ്പം ആദ്യമായ് പഠിക്കുന്നത് എട്ടാം ക്ലാസ്സിലായിരുന്നു.

ഹൈ സ്കൂളിലെ ആദ്യ ദിവസം, ക്ലാസ് ടീച്ചറിന്റെ ഹാജറെടുപ്പ്. പ്രെസന്റ് ടീച്ചര്‍ എന്ന ഓരോ ശബ്ദത്തിന്റെ ഉടമയേയും ഓമന ടീച്ചറിന്റെ കണ്ണുകള്‍ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.

ടീച്ചര്‍ അടുത്ത പേര് വിളിച്ചു
“സൈനബ. സി”

“പ്രെസന്റ് ടീച്ചര്‍”
ഊഴം കാത്തിരുന്ന സൈനബ ഉത്സാഹത്തോടെയാണ് ഹാജര്‍ പറഞ്ഞത്.

ആ ശബ്ദത്തിന്റെ ഉടമയെ ടീച്ചര്‍ അന്ന് കൗതുകത്തോടെ ഇത്തിരി നേരം നോക്കിയത് ക്ലാസിലെ ആരും മറന്നിരിക്കാന്‍ ഇടയില്ല. ആ കൗതുകം ഒരു ചോദ്യമായ് വരാഞ്ഞതില്‍ പലരും നിരാശരുമായിരുന്നിരിക്കണം. കൗതുകവും നിരാശയും വേറൊന്നുമായിരുന്നില്ല, തട്ടമിടാത്ത മുസ്ലീം പെണ്‍കുട്ടി എന്നതായിരുന്നു കൗതുകമെങ്കില്‍, എന്തുകൊണ്ട് നീ തട്ടമിടുന്നില്ല എന്ന് ടീച്ചര്‍ ചോദിക്കാത്തതിലായിരുന്നു നിരാശ. പഠിക്കാനും മിടുക്കുണ്ടായിരുന്ന അവളുടെ വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമാകുന്നു.
‌‌‌‌‌‌-----------------------------------------------------------------------------------------------
അടുത്ത കാലത്തിറങ്ങിയ പരദേശി എന്ന സിനിമയിലെ ‘തട്ടം പിടിച്ച് വലിക്കല്ലെ..’ എന്ന ഗാനം ടിവിയില്‍ വരുമ്പോള്‍ കിലുങ്ങിച്ചിരിച്ചുകൊണ്ട് സൈനബ പറയും,
“ഞാള തട്ടെങ്ങ്ന്യാ ബെലിക്ക്വാ നോക്ക്ണല്ലോ”

യാഥാസ്തിക മനോഭാവം ഏറ്റവും കൂടുതലുള്ള ഒരു സമുദായത്തില്‍ നിന്നും പതിനഞ്ചോളം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഒരടി മുന്നില്‍ നടക്കാന്‍ തുടങ്ങിയ സൈനബയ്ക്കും ഏതൊരു സമൂഹത്തിലെയും അവളെപ്പോലുള്ളവര്‍ക്കും അവള്‍ക്ക് മുന്നിലും പിന്നിലുമായ് നില കൊള്ളുന്നവര്‍ക്കുമായ് ഈ വരികൾ സമര്‍പ്പിക്കുകയാണ്.
‌‌‌‌-----------------------------------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

35 comments:

 1. ആദ്യ കമന്റ് എന്റെ വക ............തേങ്ങ ഉടച്ചു................ആശംസകള്‍.............

  ReplyDelete
 2. നല്ല പോസ്റ്റ്! ഞാൻ വിദ്യാർത്ഥിയായിരുന്ന കാലത്ത് എന്റെ ഗ്രാമത്തിലെ മുസ്ലീംകുട്ടികളിൽ തട്ടമിടുന്നവർ കുറവായിരുന്നു. ഇന്നു പക്ഷേ താരതമ്യേന കൂടുതലാണോ എന്നൊരു സംശയം!

  ReplyDelete
 3. മറുഭാഗം കൂടെ പറയാതിരുന്നു കൂടല്ലോ, ചന്ദനക്കുറിയണിയുന്ന പെൺകുട്ടികൾ പണ്ട് ധാരാളമായിരുന്നെങ്കിലും ആൺകുട്ടികൾ കുറിയിടുന്നത് വളരെ കുറവായിരുന്നു. ഇന്ന് കുറി തൊടുന്ന ആൺകുട്ടികളും വർദ്ധിച്ചു. പൊതുവെ ഒരു ആത്മീയോത്കർഷം കാണുന്നുണ്ട് നാട്ടിൽ!

  ReplyDelete
 4. വേഷം കൊണ്ട് കുട്ടിയുടെ ജാതിയും മതവുമൊന്നും തിരിച്ചറിയാൻ കഴിയാഞ്ഞ ഒരു കാലമുണ്ടായിരുന്നു.... അതൊക്കെ ഇന്ന് ഗൃഹാതുരമായ ഒരോർമ്മ മാത്രം....

  ReplyDelete
 5. വേഷത്തില്‍ അല്ല അത് ധരിക്കുന്ന മനസിന്റെ വലുപ്പത്തിനാണ് വില

  ReplyDelete
 6. അതു കൊള്ളാമല്ലോ.

  ReplyDelete
 7. അതെ, ജാതി മത ചിഹ്നങ്ങൾ പ്രദർശിപ്പിയ്ക്കുവാൻ ഇപ്പോൾ ഒരു മത്സരമുള്ളതായി തോന്നുന്നു.

  ReplyDelete
 8. nannaairikkunu..cheriya vaakkukal kondu ere paranju..

  ReplyDelete
 9. "എന്തുകൊണ്ട് നീ തട്ടമിടുന്നില്ല എന്ന് ടീച്ചര്‍ ചോദിക്കാത്തതിലായിരുന്നു നിരാശ."

  ReplyDelete
 10. പ്രിയപ്പെട്ട നിശാസുരഭീ,
  വേഷത്തിലെന്തിരിക്കുന്നു?
  ചില ആഫ്രിക്കന്‍ രാജ്യങ്ങളിലെ മുഖ്യന്മാരുടെ വേഷം കണ്ടിട്ടില്ലേ?എന്നിട്ടും അവര്‍ അന്താരാഷ്‌ട്ര സമ്മേളനങ്ങളില്‍ എല്ലാ രാജ്യങ്ങളിലെ നേതാക്കന്മാരുമായും വേദി പങ്കിടുന്നു,യാതൊരു അപകര്‍ഷബോധവുമില്ലാതെ.
  വസ്ത്രധാരണത്തിലല്ല,ചിന്താഗതികളിലാണ് നമ്മള്‍ മോഡേണ്‍ ആവേണ്ടത്.

  ReplyDelete
 11. നിശാസുരഭി,
  പരിചയപ്പെട്ടതില് സന്തോഷം
  ശ്രീമാഷിനോട് പൂര്ണമായും
  യോജിക്കുന്നു.മതചിഹ്നങ്ങള്
  അണിയുന്നത് ഇപ്പൊ ഫാഷന്
  ആണു.എഴുത്ത് നന്നായിട്ടുണ്ട് .
  തുടരൂ ..........

  ReplyDelete
 12. valare asslayi paranjirikkunnu.... aashamsakal....

  ReplyDelete
 13. മലയാളി ഏറ്റവും പുരോഗമിച്ചത് എഴുപതുകളിലും എണ്‍പതുകളിലുമാണെന്ന് തോന്നുന്നു. പിന്നീടുള്ള നമ്മുടെ യാത്ര പുറകോട്ടാണോ എന്ന് സംശയിക്കുന്നു. മതത്തിന്റേയും വര്‍ഗ്ഗീതയുടേയും അടിമകളാണ്‌ ഇന്നു പലരും.

  നിസു, നല്ല പോസ്റ്റ്.

  ReplyDelete
 14. നല്ല എഴുത്ത്
  ആശംസകള്‍

  ReplyDelete
 15. കുറച്ചു വാക്കുകള്‍ കൊണ്ട് പ്രസക്തമായൊരു ചിന്ത നന്നായി അവതരിപ്പിച്ചു. ആശംസകള്‍.

  ReplyDelete
 16. ഈ അടുത്ത കാലത്ത് വായിച്ചതില്‍ എനിക്ക് വളരെ ഇഷ്ടമായി'നിശാസുരഭി'.
  "തട്ടം പിടിച്ചു വലിച്ചപ്പോള്‍" മനസ്സില്‍ മറഞ്ഞിരുന്ന ഒരുപാടൊരുപാട് ഓര്‍മ്മകളും 'സൈനബമാരും പുറത്തേയ്ക്ക് ഓടി വന്നു.... മനോഹരമായ് എഴുത്ത്..
  നന്മകള്‍ നേരുന്നു.....+

  ReplyDelete
 17. എന്റെയൊക്കെ ചെറുപ്പകാലാത്ത് ഈ തട്ടത്തിന്റേയും,കുറിയുടേയും,ചരടിന്റേയുമൊന്നും വേർതിരിച്ചറിവുകൾ കുറവായിരുന്നു കേട്ടൊ

  ReplyDelete
 18. ഇവിടെ വന്നതിനും, അഭിപ്രായം പറഞ്ഞതിനും നന്ദി എല്ലാർക്കും,
  ഹൃദയപൂർവ്വം..

  ReplyDelete
 19. തട്ടവും ചന്ദനകുറിയുമായി നമ്മുടെ നാട് മുന്നേറുന്നു.
  ഭക്തിയാണ് നാട്ടിലെ ഏറ്റവും നല്ല വ്യവസായം.
  അവിടെ സാമ്പത്തീക ശക്തികള്‍ക്കുള്ള പങ്കിനെ കാണാതെ
  മതത്തെയോ ഒരു സമൂഹത്തെയോ മാത്റം വിമര്‍ശിച്ചാല്‍ അത് അപക്വമാകും.

  ReplyDelete
 20. ഭാനു, സുരേഷ് കുമാര്‍‍, നന്ദി

  ReplyDelete
 21. ഇതെന്താ ഇത് ? സത്യം പറയാലോ എനിക്കിഷ്ടപ്പെട്ടില്ല.... കാരണം നിങ്ങള്‍ എന്താണോ ഉദ്യേശിക്കുന്നത് അത് ഞങ്ങളിലേക്ക് എത്തിക്കുന്നതില്‍ നിങ്ങള്‍ പരാജയപ്പെട്ടു.....

  മാനിപ്പുലേഷന്‍ നടത്തിയാല്‍ ഒരു പക്ഷെ നമുക്ക്‌ ഒപ്പിക്കാം.....

  ഇതെന്റെ അഭിപ്രായം മാത്രമാണ്.....

  ReplyDelete
 22. തലമറക്കണമെന്നതു ഒരു വിശ്വാസം. ചിലതൊക്കെ പ്രദര്‍ശിപ്പിക്കണം എന്നുള്ളതു മറ്റു ചിലരുടെ വിശ്വാസം. ചിലര്‍, മുന്നേ പോയവര്‍ തെളിച്ചിട്ട വഴിയേ നടക്കുന്നവര്‍, മറ്റു ചിലര്‍ വഴിമാറി നടക്കുന്നവര്‍, പിന്നെ ചിലര്‍ വഴി തെറ്റി നടക്കുന്നവര്‍. വഴി തെറ്റുന്നവര്‍ ചിലപ്പോള്‍ പുതുവഴി കണ്ടെത്തുന്നവര്‍....

  ആശംസകള്‍....

  ReplyDelete
 23. @വിരല്‍ത്തുമ്പ്
  http://www.mathrubhumi.com/mb4eves/online/malayalam/kerala/women/articles/Pinmozhi-article-124443
  ഈ കൊടുത്ത മാനിപ്പുലേഷം ലിങ്കില്‍ പോയ് നോക്കിയാലും. ഇതു വായിച്ചപ്പോള്‍ എന്റെ അനുഭവം പറഞ്ഞു എന്നേ ഉള്ളു. ലേബല്‍ ഓര്‍മ്മ എന്നാണ് എന്നതും ശ്രദ്ധിക്കുക.

  നന്ദി വന്നതിനും തുറന്ന അഭിപ്രായത്തിനും ട്ടോ. :)

  @പഥികന്‍
  തന്നില്‍ വിശ്വസിക്കാന്‍ പഠിക്കുക, തന്നിലെ ഈശ്വരനെ കാണുക-എങ്കില്‍ കല്ലിനേയും അശരീരിയേയും തൊഴേണ്ട ആവശ്യം വരില്ല. എല്ലാ മതഗ്രന്ഥങ്ങളും ഉദ്ഘോഷിക്കുന്നത് ഇത് തന്നെയാണ്. വളച്ചൊടിക്കപ്പെട്ട(ടുന്ന) വാക്കുകള്‍ പിന്തുടരാന്‍ വിധിക്കപ്പെട്ട ജനതയാണ് ഇന്നെവിടെയും.

  നന്ദി.

  ReplyDelete
 24. തട്ടത്തിനോടൊപ്പം തലയില്‍ കേറ്റുന്നതൊക്കെ കൂടിയാണ്‌ കുഴപ്പമുണ്ടാക്കാറ്.
  തട്ടമിട്ട കുട്ടികള്‍ക്ക് ഒരു പ്രത്യേക ചന്തം ഉണ്ട്ന്ന് ഞാന്‍ ആരോടും പറയും.
  തട്ടം ഇറ്റേ തീരൂ എന്നാകുമ്പോ ആ ചന്തമൊക്കെ പോകും.
  നല്ലെഴുത്തിനു ഭാവുകങ്ങള്‍

  ReplyDelete
 25. “തട്ടത്തിനോടൊപ്പം തലയില്‍ കേറ്റുന്നതൊക്കെ കൂടിയാണ്‌ കുഴപ്പമുണ്ടാക്കാറ്.
  തട്ടമിട്ട കുട്ടികള്‍ക്ക് ഒരു പ്രത്യേക ചന്തം ഉണ്ട്ന്ന് ഞാന്‍ ആരോടും പറയും.
  തട്ടം ഇറ്റേ തീരൂ എന്നാകുമ്പോ ആ ചന്തമൊക്കെ പോകും.

  അത്രേ ഞാനും ഉദ്ദേശിച്ചുള്ളൂ ;)
  ഈ വിഷയത്തിലെ വിശദകമന്റിന് നന്ദി!

  ReplyDelete
 26. തട്ടംപിടിച്ചുവലിക്കലും ചന്ദനക്കുറിമായ്ക്കലും. കേട്ടുകേട്ടു മടുത്തു...കേട്ടിട്ട് പേടിയാവുന്നു. പയ്യെ പയ്യെ ഉരുണ്ടുകൂടുന്ന കാര്‍മേഘങ്ങള്‍......... കണ്ണീര്‍മഴകള്‍ പെയ്യാതിരിക്കട്ടെ...........

  ReplyDelete
 27. @chaayam
  ഈ പേടി തന്നെയാണ് ഈ ലോകം ഇന്നത്തെ അവസ്ഥയിലെത്തി നില്‍ക്കണെ :)

  കാര്‍മേഘങ്ങള്‍-കണ്ണീര്‍മഴകള്‍ പെയ്യിക്കുകയാണ്, പെയ്യുകയല്ല! വാളെടുത്തവന്‍ വാളാലേ എന്ന് പണ്ട് വിവരമുള്ളോര് പറഞ്ഞ് വെച്ചേക്കണത് വെറുതേയല്ലാന്ന് കാലം തെളിയിക്കണതിന്ന് സാക്ഷ്യം നമ്മളൊക്കെത്തന്നെയല്ലേ?

  നന്ദി, വരവിനും അഭിപ്രായത്തിന്നും :)

  ReplyDelete
 28. നല്ല ഒതുക്കമുള്ള അവതരണം.അഭിനന്ദനങ്ങൾ..
  പിന്നെ വിഷയാനുബന്ധമായ ചർച്ചയിലേക്ക് എന്റെ വക..
  തട്ടവും ചന്ദനക്കുറിയും ചിലപ്പോൾ താടിയും ഒക്കെ ഓരോരുത്തരുടേയും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ.
  അവ പുലർത്തുന്നതിനെ സഹിഷ്ണുതയോടെ കാണാനും ‘നല്ലൊരുമനസ്സു‘ തന്നെ വേണം.സ്വന്തം ചിന്താഗതികൾ മാത്രം ശരി എന്നു കരുതുമ്പോൾ നാം വെറുതേ അശാന്തരാകുന്നു.

  ReplyDelete
 29. @അബ്ദുൽ കെബീർ
  നന്ദി,
  “സ്വന്തം ചിന്താഗതികൾ മാത്രം ശരി എന്നു കരുതുമ്പോൾ നാം വെറുതേ അശാന്തരാകുന്നു”-അത്രേള്ളു..

  ReplyDelete
 30. നന്നായിരിക്കുന്നു..ജാതിയും മതവും നോക്കാതെ, ജനങ്ങൾ ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട സർക്കാരു തന്നെ ജനങ്ങളെ വോട്ടിനു വേണ്ടി തമ്മിലടിപ്പിക്കുന്നു .. ന്യൂനപക്ഷം , ഭൂരിപക്ഷം എന്നൊക്കെ പറഞ്ഞ്‌... എല്ലാവരേയും തുല്യരായി കണക്കാക്കിക്കൂടേ......പണക്കാരും പാവപ്പെട്ടവരും എന്ന പഴയ പല്ലവി രാഷ്ട്രീയക്കാർക്ക്‌ കുറച്ചിലാണ്‌..
  ഒരേ പന്തിയിൽ രണ്ടു വിളമ്പ്‌ ....ഒരിലയിൽ വിഭവ സ മൃദ്ധമായ ഭക്ഷണം, മറ്റേതിൽ കഞ്ഞിയും പയറും!...എങ്കിലേ തമ്മിലടിപ്പിച്ച്‌ നാല്‌ വോട്ട്‌ നേടാൻ കഴിയൂ... അത്‌ ഭരണപക്ഷമായാലും പ്രതിപക്ഷമായാലും!
  അതിന്റെ പരിണിത ഫലം.. ജാതിയും മതവും പറഞ്ഞ്‌ പരസ്പരം ശക്തി കാട്ടലിലാണ്‌ അവസാനിക്കുന്നത്‌..സ്നേഹം എന്തെന്ന് കാണിച്ചു തന്ന പഴയ തലമുറയെ ആർക്കു വേണം?

  ReplyDelete
 31. ഓരോരുത്തരുടെ വിശ്വാസങ്ങളെ ബഹുമാനിക്കുന്നു. പക്ഷേ
  വിശ്വാസങ്ങളുടെ പേരിൽ മതപരമായ ഇത്തരം കാര്യങ്ങൾ അതിൽ അത്ര താല്പര്യമില്ലാത്തവരുടെ മേല്പോലും അടിച്ചേല്പ്പിക്കപ്പെടുന്നു എന്നതാണ്‌ ദുഖകരമായ അവസ്ഥ. ദൈവത്തിനേക്കാൾ മതങ്ങൾ ശക്തിപ്രാപിച്ചു വരുമ്പോൾ മാനുഷികമായ പല മൂല്യങ്ങളും നഷ്ടപ്പെടുന്നു. എന്നിട്ട് മതവും വിശ്വാസവും എന്നൊക്കെ പറഞ്ഞ് ചന്ദനക്കുറിയും തൊടീച്ച്, കയ്യിലും കഴുത്തിലും ചരടും കെട്ടി, തട്ടവും ഇടീപ്പിച്ച് പുതിയ തലമുറയെ നാം വഴി തെറ്റിച്ചു വിടുന്നു.
  സ്വന്തം സഹജീവികളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഇവരൊക്കെ ശരിക്കും ദൈവത്തെ തിരസ്കരിക്കുകയാണ്‌ ചെയ്യുന്നത്. മനുഷ്യൻ കൂടുതൽ വിദ്യാസമ്പന്നനാകുന്തോറും ഇത്തരം ആചാരങ്ങൾ വർദ്ധിച്ചു വരുന്നു എന്നത് ഖേദകരമാണ്‌.


  നന്നായി എഴുതി.
  ആശംസകളോടെ
  satheeshharipad.blogspot.com

  ReplyDelete
 32. മനുഷ്യൻ കൂടുതൽ വിദ്യാസമ്പന്നനാകുന്തോറും ഈശ്വരവിശ്വാസം വെറും പ്രകടനമായ് മാറുന്നതാണ് കാഴ്ച, എന്നതാണ് സത്യം, അത് പലരിലും പല രൂപത്തിലും അടിച്ചേല്‍പ്പിക്കുകയാണ്, ഒരു സമുദായവും മതവും അതില്‍ നിന്ന് മുക്തരല്ല.

  @മാനവധ്വനി & Satheesh Haripad
  ഈ വിഷയത്തിലെ വിശദമായ എഴുത്തിന് നന്ദി.

  ReplyDelete

'സ്വാഗതമോതുന്നു, സൗഹൃദത്തിന്‍ വെണ്മലരോടെ'
അഭിപ്രായം എന്തായാലും തുറന്നു പറയുമെന്ന പ്രതീക്ഷയോടെ,

നിശാസുരഭി.

Related Posts Plugin for WordPress, Blogger...