മറക്കുവാനേറെയുണ്ട്
എങ്കിലും
ഈ വെയിലിലും
വീഴുന്ന നിഴലിലും
ഈ ഇരുളിലും
നിറയുന്ന കറുപ്പിലും
ഈ കാറ്റിലും
തഴുകുന്ന നിറവിലും
കവിതയായ്
നീ
എന്നെ പുണരുന്നു
ഇടവേളയില്ലാതെ..
------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

കാറിന്റെ പിറകിലെ സീറ്റില്‍ വലതുകരം വാതിലില്‍ ചേര്‍ത്ത് ഒരു ദീര്‍ഘനിശ്വാസത്തോടെ അരുന്ധതി മുന്നോട്ട് ആഞ്ഞിരുന്നു. അവളുടെ കണ്ണുകള്‍ കനം കൂടിവരുന്ന ഇരുട്ടിലെ, പിറകിലേക്കോടി മറയുന്ന, കാഴ്ച്ചകളെ പിന്തുടര്ന്നില്ല. ഗ്ഗ്ലാസിനരികിലേക്ക് നീങ്ങിയപ്പോള്‍ റോഡരികിലെ ജ്വലിക്കുന്ന തെരുവുവിളക്കുകള്‍ അവളുടെ മുഖത്തെ വിളര്‍ച്ചയ്ക്ക് കട്ടികൂട്ടിയതേയുള്ളു. രണ്ടാഴ്ചത്തെ ഹോസ്പിറ്റലിലെ മരുന്നുകള്‍ക്കൊപ്പമുള്ള വാസം കഴിഞ്ഞു, ഡിസ്ചാര്‍ജ്ജ് ചെയ്തത് വൈകിട്ടായത് നന്നായെന്ന് അവള് ഓര്‍ത്തു, പകല്‍ വെളിച്ചത്തിലെ മുഖങ്ങളില്‍ നിന്നുള്ള താത്കാലിക രക്ഷപ്പെടല്‍!
“ദേഹമിളക്കേണ്ട, സീറ്റിലേക്ക് ചാഞ്ഞ് കിടന്നോളൂന്നെ”
ഇടത് വശത്തിരുന്ന ദേവന്റെ വാക്കുകളില്‍ നിസ്സഹായത കലര്‍ന്നിരുന്നെന്ന് അവള്‍ക്ക് തോന്നി. ഒന്നും മിണ്ടാതെ കൈകള്‍ പിന്‍വലിച്ച് പിറകിലേക്ക് ചാഞ്ഞ് പതുക്കെ കണ്ണടച്ചു. കണ്ണില്‍ ഇരുട്ട് കയറുമ്പോള്‍ ഓര്‍മ്മകള്‍ക്ക് ചലനവേഗത കൂടുന്നു, ഇരുളില്‍ ചിത്രങ്ങള്‍ക്ക് തെളിച്ചമേറുന്നു.
“ഇല്ല ദേവാ, ഞാനിതിനു സമ്മതിക്കില്ല. നിനക്കറിയില്ലെ ഈയൊരു നിമിഷത്തെ നമ്മള് എത്രമാത്രം ആഗ്രഹിച്ചിരുന്നെന്ന്?
നിനക്കറിയില്ലെ, നിന്നെ അറിഞ്ഞത് മുതല്‍ നീ തൊടാതെ തന്നെ നിന്നെ ഞാന്‍ എന്നില്‍ നിറച്ചിരുന്നെന്ന്? എന്നിട്ടുമെന്തേ നീയിപ്പോള്‍ ഇങ്ങനെ..?”
ചോദ്യങ്ങള്‍ കൂരമ്പുകളായിരുന്നില്ല, അപേക്ഷയുമായിരുന്നില്ല, അധികാരം കാണിക്കാന്‍ തനിക്കൊരാളേ ഉണ്ടായിരുന്നെന്ന് അവള് ഓര്‍മ്മിപ്പിക്കുകയായിരുന്നു. സ്നേഹം മനസ്സില്‍ മാത്രം നിറച്ച ചുറ്റുപാടുകളാല്‍ ഒറ്റപ്പെട്ട തന്റെ ഏകാന്തതയില്‍ കൂട്ടായ് ഇരുന്നവനോടുള്ള സ്നേഹാധികാരം. ഇന്നിപ്പോള്‍ അവനിതെന്തേ അറിയാത്തതെന്ന് അവള്‍ക്ക് മനസ്സിലായില്ല.
വാശിയേറിയ വാദപ്രതിവാദത്തിനിടയില്‍ അവളുടെ ശബ്ദം ഉയര്‍ന്നപ്പോള്‍ ഒരു മിന്നല്‍ കണക്കെ ദേവന്റെ കൈ കവിളില്‍ പതിച്ചതും നിലതെറ്റി വീണത് ടീപോയ്ക്ക് മുകളിലേക്കായിരുന്നെന്ന് മങ്ങിയ കാഴ്ചയില്‍ അവള് അറിഞ്ഞിരുന്നു.
പിന്നീടെപ്പോഴാണെന്നറിയില്ല, നേര്‍ത്ത തണുപ്പില്‍ നട്ടെല്ലിലെ വേദന അരിച്ച് കയറുന്നത് ശരീരം പ്രതികരിച്ചതിനെ ആരൊക്കെയോ ചേര്‍ന്ന് തടഞ്ഞ സ്പര്ശനമാണ് ബോധത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. കണ്ണുകള്‍ തുറക്കാനായില്ല. അവയെ വലിച്ച് തുറക്കാന്‍ കൈയ്യിലെ ബന്ധനം അവളെ സമ്മതിച്ചതുമില്ല.
“കുളിമുറിയില്‍ തെന്നി വീണപ്പോള്‍ അടിവയര്‍ എവിടെയോ തട്ടിയതാ ബ്ലീഡിംഗാവാന്‍ കാരണം, ഓപ്പറേഷന് കഴിഞ്ഞിട്ട് നാലഞ്ച് മണിക്കൂറായി, ജീവന് തിരിച്ച് കിട്ടീല്ലൊ. ഇപ്പഴത്തേത് പൊയ്പ്പൊയാലും ഇനിയുമാകാമെന്നാ ഡോക്ടര്‍ പറഞ്ഞത്. ഈശ്വരന് അവളെ കൈവിട്ടില്ല്യാന്ന് കൂട്ട്യാ മതി.”
ഏടത്തിയമ്മ..? ആ പരിചിത ശബ്ദം ആരോടാണ് പറയുന്നത്?
കേട്ട വാക്കുകളിലൂടെ എല്ലാം മനസ്സിലായപ്പോള്‍ നിയന്ത്രണം വിട്ട മനസ്സ് ശരീരത്തിനെ ആകെ പ്രകമ്പനം കൊള്ളിച്ചു. അവശയായ തന്നിലെ വാക്കുകളേതും പുറത്ത് വന്നില്ല. എല്ലാം കണ്ണുനീര്‍ച്ചാലായ് ഒലിച്ചിറങ്ങിയത് തുടച്ചതാരായിരുന്നു? “ദേവാ അത് നീയായിരുന്നോ?”
“എന്താ, വേദനയുണ്ടോ?”
ദേവന്റെ ചോദ്യമായിരുന്നു മയക്കത്തില്‍ നിന്നും അവളെ ഞെട്ടി ഉണര്‍ത്തിയതും തന്റെ ചോദ്യം ഉച്ചത്തിലായിരുന്നെന്ന് മനസ്സിലായതും.
“എന്താ, വേദനയുണ്ടോ? വണ്ടി നിര്‍ത്തണോ?” മടിയില്‍ അലസമായ് വെച്ച അവളുടെ ഇടതുകരത്തിനെ മുറുകെപ്പിടിച്ച് അവന് വീണ്ടും ചോദിച്ചു.
വേണ്ടെന്നര്‍ത്ഥത്തില്‍ അവള് കണ്ണുകള്‍ ഇറുക്കിയടച്ച് തുറന്നപ്പോള്‍ നിറകണ്ണിലെ ചുടുനീര് ചാലിട്ടൊഴുകിയത് ദേവന് കാണുന്നുണ്ടായിരുന്നു. അയാള്‍ അവളുടെ കരത്തില്‍ ഒന്നുകൂടി അമര്‍ത്തിപ്പിടിച്ചപ്പോള്‍
ആ കണ്ണുനീര് തുടയ്ക്കാന്‍ ദേവന്റെ കൈയും മനസ്സും വെമ്പിയത്
ആ കരത്തിന്റെ ആര്‍ദ്രത കൂടിയത്,
ആ നോട്ടത്തില്‍ കുറ്റബോധം അലയടിച്ചത്,
ആ കണ്ണുകള്‍ മാപ്പിരന്നത്,
ആ മൗനം അവളോട് കരയരുതെന്നപേക്ഷിച്ചത്..
എല്ലാം..
എല്ലാം അവള് അറിയുകയായിരുന്നു.
-----------------------------------------------------------------------------------------------
*ചിത്രം ഗൂഗിളില്‍ നിന്ന്.
** *** **