Showing posts with label കുറിപ്പ്. Show all posts
Showing posts with label കുറിപ്പ്. Show all posts

03 December 2012

കാഴ്ച



മഴ, ഈ ശ്മശാനഭൂവില്‍

പെയ്യാതെ തുടിച്ചപ്പോള്‍
ജീവന്‍ ചിറകടിച്ചടര്‍ന്നു വീണു..

ജന്മദിനോത്സവത്തില്‍ 
പതാകകളേന്തി നിറങ്ങളിലലിഞ്ഞു 
വെണ്മേഘക്കൂട്ടങ്ങള്‍.. 

അഗ്നിനാമ്പുകള്‍ക്ക് മീതെ
ഉണരുന്ന സമരങ്ങളില്‍ 
മാംസമോഹവുമായ് കണ്ണുകള്‍.. 

എന്റെ ഫേസ് ബുക്കും
എന്റെ ബ്ലോഗും 
ഞാന്‍ എന്നുമുത്സമായ് ആടിടട്ടെ.

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

28 November 2012

ഇന്നലെകള്‍


ഓരോ കവിതയില്‍ നിറഞ്ഞ

ഗദ്ഗദങ്ങള്‍ അണയുമ്പോഴാണ്
നിന്റെ ഈണം ഞാനറിഞ്ഞത്

ഒടുവില്‍ അടരുന്ന വാക്കുകളിലെ
നനവ് വറ്റുമ്പോഴാണ്
നിന്റെ കവിത ഞാനറിഞ്ഞത്..

ഊഷരഭൂവില്‍ നൃത്തമാടി
ഇടറിയ ചിലങ്കകളൂര്‍ന്നിറങ്ങുമ്പോഴാണ്
നിന്റെ ലാസ്യം ഞാനറിഞ്ഞത്..

ഇന്നിനിന്നലെകള്‍ സമ്മാനമാകുന്നു
ഈണം നിറച്ച് കവിതകള്‍ പാടുന്നു 
കാവ്യശില്പങ്ങളില്‍ ലാസ്യങ്ങളുണരുന്നു.. 

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

01 July 2012

പ്രണയത്തിനുമപ്പുറം..


നിന്റെ പേര് ചോദിക്കുവാന്‍
നിന്റെ ജാതി തേടുവാന്‍
നിന്റെ നിറം നോക്കുവാന്‍
നിന്റെ സ്വരം കേള്‍ക്കുവാന്‍
നിന്റെ മനം അറിയുവാന്‍
നിന്റെ പ്രായം അളക്കുവാന്‍..

എനിക്ക് നിന്നോട് തോന്നിയത്
പ്രണയമായിരുന്നില്ല..

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

23 June 2012

ഞാനറിയുമൊരാള്‍


ഇടവഴിയിലെ വളവിലൂടിറങ്ങും മുമ്പ്,
ഒരു പിന്‍വിളി കേള്‍ക്കും പോല്‍
ഞാന്‍ പിന്തിരിഞ്ഞൊരു വേള
പിറകിലേക്ക് കണ്ണയച്ചിരിക്കാം

ഞാനറിയുമൊരാള്‍
എന്‍ പേര്‍ചൊല്ലി വിളിച്ചതോര്‍ത്ത്..

സ്വപ്നശലാകകള്‍ കണ്ണിലണഞ്ഞതില്‍പ്പിന്നെ,
ഒരു തൊട്ടൂവിളി അറിഞ്ഞ പോല്‍
ഞാനെന്‍ പീലികള്‍ വിടര്‍ത്തി
മയൂരനൃത്തം ആടിയിരിക്കാം

ഞാനറിയുമൊരാള്‍
എന്നില്‍ മേഘതീര്‍ത്ഥമായ് നിറയുമെന്നോര്‍ത്ത്..

----------------------------------------------------------------------------

*ചിത്രം ഗൂഗിളില്‍ നിന്ന്.

** *** **

05 April 2012

നിഴല്‍ന്നീളങ്ങള്‍



നിഴല്‍ നീണ്ട്
മങ്ങിയൊടുങ്ങുമിടത്താണ്
ഒരു വിത്ത് പാകുന്നത്..

മുളപൊട്ടി,
ഇലതളിര്‍ത്ത്, ഒരു ശിഖരമായ്
വളര്‍ന്ന്, അതില്‍ അവശേഷിക്കുന്നുണ്ട്
ഒരു പൊക്കിള്‍ക്കൊടിത്തുമ്പ്;

കാഴ്ച മങ്ങിയവരുടെ
അഗാധഗര്‍ത്ത നിപതനത്തിലെ
കൈവീശലിന്‍ അലയൊലികള്‍
സ്പഷ്ടമായ് കരയേറ്റുവാനായ്,

കൈയ്യാമങ്ങള്‍ക്കുള്ളില്‍
ഞെരിഞ്ഞമര്‍ന്ന് വ്രണം പുരണ്ട
അക്ഷരക്കൂട്ടിലെ അഗ്നിച്ചിറകുകളെ
തൂലികയ്ക്കുള്ളില്‍ ആവാഹിക്കുവാനായ്-
അവശേഷിക്കുന്നുണ്ട്
ആ പൊക്കിള്‍ക്കൊടിത്തുമ്പ്.

ഒടുവില്‍ ഒറ്റയായ് വീണ്ടും
നിഴല്‍ന്നീളത്തില്‍ നിറം പടരുമ്പോള്‍
കൈമാറി, പടര്‍ന്ന് വളരുവാനായ്
അവശേഷിപ്പിക്കുന്നു, എന്നും-
അതേ പൊക്കിള്‍ക്കൊടിത്തുമ്പിനെ..

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

04 February 2012

പറയാന്‍ ബാക്കിയുള്ളത്


 
കാഴ്ച്യ്ക്കുമപ്പുറം
എന്നില്‍ നിന്നും മറഞ്ഞ്..

എങ്കിലും
നിന്റെ കണ്ണാടിച്ചിത്രം
തെളിഞ്ഞതില്‍ പടര്‍ന്നത്
നീലവര്‍ണ്ണരാജികള്‍..

എപ്പഴായിരുന്നു
ഞാനിതെല്ലാം ശ്രദ്ധിച്ചിരുന്നത്?

നിനക്കോര്‍ത്തെടുത്ത്
ഇങ്ങനെ പറയാം-എന്നോട് മാത്രം;

ഒന്ന്-
എന്റെ മോഹങ്ങളിലെ
സ്വര്‍ണ്ണവര്‍ണ്ണം അടര്‍ന്ന നാള്‍
ഞാന്‍ വേദനിച്ചത്
അറിയാത്തതായ് നീ നടിച്ചപ്പോള്‍,

രണ്ട്-
അന്ന്, നിന്റെ കണ്ണിലെ തിളക്കം
കുറഞ്ഞനാള്‍
ഞാന്‍
നിന്നില്‍ നിന്നൊളിച്ചപ്പോള്‍,

മൂന്ന്-
ശലഭച്ചിറകുകളിലെ
അരിക്
പൊടിയാന്‍ തുടങ്ങിയ
വേനലിന്റെ പകുതിയില്‍..

ഇനിയുമേറെ;
നിനക്ക് എന്നോട് മാത്രം പറയാന്‍ ബാക്കിയുള്ളത്,
ഞാന്‍ നിന്നില്‍ നിന്ന് വായിച്ച് മുഴുമിക്കാത്തതും.

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

28 October 2011

ഈ രാവ് എനിക്കേകിയ വിരുന്നുകാരി(രന്‍?)

ഇന്നെന്റെ ഏകാന്തതയ്ക്കൊപ്പം
കൂട്ടിരിക്കാനായിവള്‍(ന്‍)..?


നല്ല മഴയാണെന്നും,
വൈകുന്നേരങ്ങളില്‍ മാനമിരുണ്ട്, മിന്നലിടികളാല്‍ മുഖരിതം സന്ധ്യയും രാത്രിയും.
നേര്‍ത്ത തണുപ്പ്, മഴ പെയ്തതിനാല്‍ പടരുന്നുണ്ട്; ഒരു ചൂട് തനുവിനെ കൊതിപ്പിച്ച് കൊണ്ട്..


വീടിനടുത്തുള്ള ഇലക്ട്രിക് സബ്സ്റ്റേഷനിലെ ഫ്ലൂറസെന്റ് വിളക്കുകള്‍ കണ്‍തുറന്ന നേരമാകണം ചിത്രശലഭം കൂട് പൊട്ടിച്ച് പുറത്ത് വന്നത്..


മഴ അതിന്റെ ചിറകുകള്‍ നനയ്ക്കാന്‍ കൊതിച്ചിരുന്നോ?
അതോ മഴയെപ്പുണരാന്‍ ആ ശലഭം കൊതിച്ചിരുന്നോ..?


എന്തോ, ഒരു ഇടിമിന്നലില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ടു.
എമര്‍ജന്‍സി ലാമ്പിന്റെ പ്രകാശമായിരിക്കാം ആ ശലഭത്തിനെ എന്റരികിലേക്ക് ആകര്‍ഷിച്ചത്..


ഇപ്പോള്‍ എന്റെ വിരല്‍ത്തുമ്പിലുണ്ട് നറുപുഷ്പം പോലെ..
ഒരു നിശാസുരഭി പൂത്തുലഞ്ഞത് പോലെ..
എന്തേ, ഞാന്‍ നിന്നെ ഇഷ്ടപ്പെടുകയാണൊ, ഈ രാത്രിയില്‍..


അറിയില്ലാ.. എനിക്കേതുമറിയില്ലാ..


അറിയാതെ എന്നില്‍ ഏതോ ദു:ഖമുണരുന്നുണ്ട്..
ഹൃദയമിടിപ്പ് പോലെയാണ് നിനക്കും നിശാസുരഭിക്കും ആയുസ്സെന്നോര്‍ത്താണോ..?
വിടര്‍ന്നൊന്ന് സൂര്യനെക്കാണും മുമ്പേ കൊഴിയുന്നതെന്തേ..?


അറിയില്ലാ.. എനിക്കേതുമറിയില്ലാ..
അറിയില്ലാ.. എനിക്കേതുമറിയില്ലാ..
----------------------------------------------------------------------------
*ചിത്രം ഇന്ന് എന്റെ മൊബൈലില്‍ എടുതത്..(Nokia N73)
**ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ വലുതായ് കാണാന്‍ പറ്റും..
** *** **

13 October 2011

നിന്റെ കത്തുകളിലൂടെ..


ഇന്നലെ
ഒരാവര്‍ത്തി കത്തുകളിലൂടെ
നിന്റെ നഷ്ടവാത്സല്യം-
തിരഞ്ഞ് ഞാന്‍

കണ്ടു,
തൊട്ടറിഞ്ഞു-
നെറുകയില്‍, നിന്റെ
സ്നേഹസ്പര്‍ശം.

താളുകള്‍ മറിച്ച്
വേറെയും
പലതും തിരഞ്ഞ്
വേപഥുവോടെ..

അറിയുന്നു ഞാനിന്നും
നിന്റെ ആശ്വാസവാക്കുകളും
സങ്കടങ്ങളും
സന്തോഷവേളകളും, എല്ലാം..

ഇന്നലെയുടെ പൊടിവീണ
നിന്റെ കത്തുകളിലൂടെ.

എന്തിനോ, എപ്പഴോ
നീ
അരുതെന്ന് വിലക്കിയ
നിമിഷം വരെ..

അറിയുന്നു ഞാനിന്നും
ഇന്നലെയുടെ പൊടിവീണ
നിന്റെ കത്തുകളിലൂടെ,
നിന്റെ കത്തുകളിലൂടെ..

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

25 August 2011

പ്രണയവും സംഗീതവും മറക്കാന്‍

  

വജ്രശലാകകള്‍
തുളച്ചിറക്കിയൊരു മുറിവ്-

വ്രണച്ചൂടില്‍
കൊക്കുരുമ്മിയൊരു പക്ഷി-

അസ്തമനക്കാറ്റില്‍
ഒഴുകിയൊരു വീണാനാദം

വിടരുന്ന മുറിവിനെയും
പടരുന്ന ഇരുളിനെയും
കൊതിയോടെ
വാരിപ്പുണര്‍ന്നു ഞാന്‍-

പ്രണയവും സംഗീതവും മറക്കാന്‍..

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

07 August 2011

അടിവരകളിടേണ്ടത്

  

പദങ്ങള്‍-

നിറങ്ങള്‍,
നിഴലുകള്‍


നിര്‍വ്വചനങ്ങള്‍-

കറുപ്പും വെളുപ്പും
നിറമല്ലെന്ന് ശാസ്ത്രം
ഏഴുനിറങ്ങളാം സൗന്ദര്യം
ഒതുക്കിയാല്‍ കറുപ്പെന്നറിയുക
ഹൃദയം കണ്ണാടിയെങ്കില്‍
വെളുപ്പെന്നറിയാന്‍ വൈകയുമരുത്.

നിഴലുകള്‍ക്ക് നീളമേറുമെന്ന്
കാലമോതുന്നു-
ഒപ്പം, ഓര്‍മ്മകള്‍-
കണ്ടെടുക്കാന്‍ കാലമേറുമെന്നും..


അടിവരകള്‍-

സ്വപ്നമേകാം
നിറങ്ങളന്യമെങ്കില്‍ നന്ന്,
ഓര്‍മ്മകളെയൊരുക്കാം
നിഴലുകളന്യമെങ്കില്‍ നന്ന്..
-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

26 July 2011

ഒന്നും പറയാതെ..

  
യാത്ര
നിന്നില്‍ നിന്ന്
എന്നിലേക്ക്

ദൂരം
ഒരു ഞൊടി
അതോ ഒരു കാതം(?)

നാവ്,
ഉണര്‍ന്നില്ല
വിടയോതുവാന്‍

ഹൃദയം
നൊന്തുവോ(?)
അടര്‍ന്നപ്പോള്‍

കണ്ണുകള്‍
നിറച്ചുവോ(?)
ബാഷ്പകണങ്ങള്‍

ഒരു വഴിയും കുറേനിഴലുകളും*
പിന്തുടര്‍ന്നത് കാലടികളെ,

അകന്നകലെ സൂര്യനൊപ്പം-
മായുന്നു നീള്‍ഛായകള്‍

അടരുന്നു ചിതല്‍പ്പുറ്റുകള്‍
കൊഴിയുന്നു ചില്ലുചിറകുകള്‍..


-------------------------------------------------
*രാജലക്ഷ്മിയുടെ നോവലിന്റെ പേര്.
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

15 July 2011

തലയി(ലൊന്നുമി)ല്ലാത്തവര്‍

 

(വിവരണം)
ഒരുടല്‍
കഴുത്തില്‍ മുഖ-

പ്രതലമടക്കമുള്ളത്..,
മുഖംമൂടി-
പതിയാനായ് മാത്രം.

കൈകളാല്‍ തപ്പി
മുഖമുണ്ടെന്നുറപ്പിനാല്‍
എണ്ണിത്തിട്ടപ്പെടുത്തി-
യതിലെ ഇന്ദ്രിയങ്ങള്‍..

അവയിലെന്തോ കുറവ്,
മുഖത്തിനുമപ്പുറം
ശൂന്യതയ്ക്കുമിപ്പുറം
ഒരു ശൂന്യത കൂടി..

സാരം-
കാണുന്നവര്‍ക്ക്.

(സാരാംശം)
ഇന്നലെ
മുഖം കൈകളാല്‍ മറച്ചു
ഇന്ന് മുഖംമൂടിയിലൊളിച്ചു
നാളെ പ്ലാസ്റ്റിക് സര്‍ജറിയില്‍(?)
അവസാനം ഒരു പിടി ചാരം..

പരിശീലമാക്കുക,
നിങ്ങളെന്നും, കണ്മൊഴി,
മുഖങ്ങളോട് മാത്രം
ചൊല്ലിക്കൊണ്ടേയിരിക്കാന്‍..

(സംക്ഷിപ്തം)
അഭിന്ദനങ്ങള്‍
ആശംസകള്‍..


-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

11 May 2011

മഴയില്‍ ഞാന്‍..

 
ഒരു തുള്ളിയില്‍
മഴ,
നീയൊരു
സാന്ത്വനമായ്,

നിന്റെ നനവില്‍
ഞാനലിയും
അന്നെന്റെ
വ്യഥകള്‍ മറക്കും,

നീ
പെയ്തൊഴിയുന്നു

അന്നാ
വിരഹത്തില്‍
ഞാന്‍ മുഖമൊളിക്കും

വീണ്ടും
നീണ്ടവാനപാതയില്‍
നീള്‍മിഴിയോടെ
നിന്നെയും കാത്ത്..

ശമനശ്വാസത്തില്‍
തീര്‍ത്ഥമായ്-
മഴ,


നീയെനിക്കാര്

വാത്സല്യവിരലാല്‍
തഴുകിടാന്‍
മഴ,


നീയെനിക്കാര്..
-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

25 December 2010

നീ ഓര്‍മ്മിപ്പിക്കുന്നത്..


മറക്കുവാനേറെയുണ്ട്
എങ്കിലും

ഈ വെയിലിലും
വീഴുന്ന നിഴലിലും

ഈ ഇരുളിലും
നിറയുന്ന കറുപ്പിലും

ഈ കാറ്റിലും
തഴുകുന്ന നിറവിലും

കവിതയായ്
നീ
എന്നെ പുണരുന്നു
ഇടവേളയില്ലാതെ..
------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

11 October 2010

സമദൂരം


പാളങ്ങള്‍ നീണ്ട്
കണ്ണെത്താ ദൂരം മറയുന്നു,

ഞാന്‍ നടന്നത്
എനിക്ക് മുന്നിലും
നീ നടന്നത്
നിനക്ക് മുന്നിലും.

ദിക്കുകള്‍ ആപേക്ഷികം,
തിരിച്ചറിഞ്ഞത്-
പിറകിലേക്ക്
നോക്കിയപ്പോള്‍ മാത്രം

അറിയില്ല, നിന്റെ കണ്ണിലും
തിരയടിച്ചിരുന്നോയെന്ന്..

വൈകിയെങ്കിലും
ഒരുവേള കൊതിച്ചു പോയ്
ഈ വിരല്‍ത്തുമ്പ്, നിന്‍
കൈക്കുള്ളിലൊളിച്ചിരുന്നെങ്കില്‍..
------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **
Related Posts Plugin for WordPress, Blogger...