03 December 2012

കാഴ്ച



മഴ, ഈ ശ്മശാനഭൂവില്‍

പെയ്യാതെ തുടിച്ചപ്പോള്‍
ജീവന്‍ ചിറകടിച്ചടര്‍ന്നു വീണു..

ജന്മദിനോത്സവത്തില്‍ 
പതാകകളേന്തി നിറങ്ങളിലലിഞ്ഞു 
വെണ്മേഘക്കൂട്ടങ്ങള്‍.. 

അഗ്നിനാമ്പുകള്‍ക്ക് മീതെ
ഉണരുന്ന സമരങ്ങളില്‍ 
മാംസമോഹവുമായ് കണ്ണുകള്‍.. 

എന്റെ ഫേസ് ബുക്കും
എന്റെ ബ്ലോഗും 
ഞാന്‍ എന്നുമുത്സമായ് ആടിടട്ടെ.

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

28 November 2012

ഇന്നലെകള്‍


ഓരോ കവിതയില്‍ നിറഞ്ഞ

ഗദ്ഗദങ്ങള്‍ അണയുമ്പോഴാണ്
നിന്റെ ഈണം ഞാനറിഞ്ഞത്

ഒടുവില്‍ അടരുന്ന വാക്കുകളിലെ
നനവ് വറ്റുമ്പോഴാണ്
നിന്റെ കവിത ഞാനറിഞ്ഞത്..

ഊഷരഭൂവില്‍ നൃത്തമാടി
ഇടറിയ ചിലങ്കകളൂര്‍ന്നിറങ്ങുമ്പോഴാണ്
നിന്റെ ലാസ്യം ഞാനറിഞ്ഞത്..

ഇന്നിനിന്നലെകള്‍ സമ്മാനമാകുന്നു
ഈണം നിറച്ച് കവിതകള്‍ പാടുന്നു 
കാവ്യശില്പങ്ങളില്‍ ലാസ്യങ്ങളുണരുന്നു.. 

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

01 July 2012

പ്രണയത്തിനുമപ്പുറം..


നിന്റെ പേര് ചോദിക്കുവാന്‍
നിന്റെ ജാതി തേടുവാന്‍
നിന്റെ നിറം നോക്കുവാന്‍
നിന്റെ സ്വരം കേള്‍ക്കുവാന്‍
നിന്റെ മനം അറിയുവാന്‍
നിന്റെ പ്രായം അളക്കുവാന്‍..

എനിക്ക് നിന്നോട് തോന്നിയത്
പ്രണയമായിരുന്നില്ല..

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

28 June 2012

ഇരുമുഖങ്ങള്‍

“അല്ലപ്പാ, നിങ്ങക്ക് നൊസ്സ്ണ്ട?” ചുണ്ടില്‍, ഇരുവിരലുകള്‍ക്കിടയിലൂടെ ഖദീജുമ്മ നീട്ടിത്തുപ്പിയ മുറുക്കാന്‍ മുറ്റത്ത് ചിത്രം വരഞ്ഞു.

“പിന്നേ, ഖദീസുമ്മേന്റെ പെരാന്തിന് സമാധാനം പറയല്ലെ മ്മ്ടെ പണി”
അയ്മൂട്ടിക്കാന്റെ പുറമേ കേള്‍ക്കാത്ത മറുപടിക്കൊപ്പം കൈകള്‍ വായുവില്‍ പടരാന്‍ തുടങ്ങി..

“ഈറ്റ്ങ്ങളെയെല്ലം ഊളമ്പാറക്ക് കേറ്റി വിടാനാരും ഇല്ലെ?”
കണ്ടു നിന്ന നായിന്റമക്കളിലാരോ ചോദിച്ചത് ഖദീജുമ്മയും അയ്മൂട്ടിക്കയും കേട്ടില്ല.

“നായിന്റ മക്കള്‍, പൊലേന്റെ മോന്‍, ഇതൊന്നും സാഹിത്യത്തില്‍ പറയരുതെന്നാണ് പുതിയ നിയമം.” ഏതോ അക്ഷരജ്ഞാനി പറഞ്ഞത് ഏറ്റു പറയാന്‍ ഒരു പുരോഗമനക്കാരന്‍ പോയിട്ട് ആരും ഉണ്ടായില്ല.

“നമ്പൂരിന്റെ മോന്‍, ഷെയ്ക്കിന്റെ മോന്‍ എന്നൊക്കെ പറയാനൊക്ക്വോ ആവോ”
ബാര്‍ബര്‍ ചീരന്‍ പറഞ്ഞതിന് അയാള്‍ക്ക് ചെലവായത് രണ്ട് കണ്ണാടി ആയിരുന്നെന്നത് ബോധ്യമായത്, കണ്ണാടി, കല്‍ച്ചീളാല്‍ ഉടയുന്ന ശബ്ദം കേട്ടപ്പോള്‍ മാത്രമാണ്..

ശേഷം എരിവും പുളിയും ആ നാടൊട്ടുക്കും താനെ പടര്‍ന്നു കൊണ്ടിരുന്നു.

അങ്ങാടിയിലെ കച്ചവടക്കാര്‍ എല്ലാരും ഷട്ടറടക്കുകയും നിര പൂട്ടുകയും ചെയ്തു. റേഷന്‍ ഷാപ്പിലെ നാരായണന്‍ മേസ്ത്രി, എലിക്ക് പാഷാണം വെക്കുന്ന തിരക്കായതിനാല്‍ ഒന്നും അറിഞ്ഞില്ല.

തീപ്പന്തം തീപ്പൊട്ടുകളായ് ചിതറിയത് ആദ്യം റേഷന്‍ പീടികയെ ആയിരുന്നു. മണ്ണെണ്ണ, കരിഞ്ചന്ത കഴിഞ്ഞ് വരാന്‍ വൈകിയതിനാല്‍ പീടിക കത്തിയില്ല. പരുത്തിച്ചാക്കിന് മഴവെള്ളത്തിന്റെ ഈര്‍പ്പം ഉണ്ടായതും നന്നായി എന്ന് മേസ്ത്രിക്ക് പിന്നീട് പറയാന്‍ ഒരു കാരണമായി.

മംഗലം വീട്ടിലെ ഒതേനക്കുറുപ്പ് ചെത്ത് കഴിഞ്ഞ് വരുന്നത് പന്തക്കാര്‍ കണ്ടു. ശബ്ദമില്ലാതെ പന്തക്കാര്‍ ഭവ്യരായ് ഒതുങ്ങി നടന്നു. പനമ്പാടത്ത് സൈനബയെ പ്രണയത്തിന്റെയും കൈക്കരുത്തിന്റെയും ബലത്തില്‍ ഒരൊറ്റ ചരടില്‍ കെട്ടി നെഞ്ഞ് വിരിച്ച് അങ്ങാടിയിലൂടെ നടന്നു വന്നത് കഥയേക്കാള്‍ ഗാഥയെന്നാണ് പുതുതലമുറക്കാര്‍ പോലും കേട്ട് പരിചയിക്കുന്നത്.

“ഡ്രോ, ഒരു പന്തം താ..
ഞാനും ഇങ്ങടെ കൂടേണ്ട്..”
എന്റെ പേനയ്ക്ക് വിശ്രമാവധി നല്‍കി വെള്ളക്കടലാസില്‍ പതിയെ വെച്ച് ഞാനും, പന്തത്തിന്‍ ചെഞ്ചായത്തിലെ മുഖം തിരിച്ചറിയാത്ത കൂട്ടത്തില്‍ അലിഞ്ഞു..

----------------------------------------------------------------------------

*ചിത്രം ഗൂഗിളില്‍ നിന്ന്.

** *** **

23 June 2012

ഞാനറിയുമൊരാള്‍


ഇടവഴിയിലെ വളവിലൂടിറങ്ങും മുമ്പ്,
ഒരു പിന്‍വിളി കേള്‍ക്കും പോല്‍
ഞാന്‍ പിന്തിരിഞ്ഞൊരു വേള
പിറകിലേക്ക് കണ്ണയച്ചിരിക്കാം

ഞാനറിയുമൊരാള്‍
എന്‍ പേര്‍ചൊല്ലി വിളിച്ചതോര്‍ത്ത്..

സ്വപ്നശലാകകള്‍ കണ്ണിലണഞ്ഞതില്‍പ്പിന്നെ,
ഒരു തൊട്ടൂവിളി അറിഞ്ഞ പോല്‍
ഞാനെന്‍ പീലികള്‍ വിടര്‍ത്തി
മയൂരനൃത്തം ആടിയിരിക്കാം

ഞാനറിയുമൊരാള്‍
എന്നില്‍ മേഘതീര്‍ത്ഥമായ് നിറയുമെന്നോര്‍ത്ത്..

----------------------------------------------------------------------------

*ചിത്രം ഗൂഗിളില്‍ നിന്ന്.

** *** **

10 June 2012

പിറകിലേക്കൊഴുകുന്ന പുഴകള്‍

തല്ലിപ്പൊളികള്‍ക്കിടയില്‍ കാലം കഴിച്ച ദിനങ്ങളിലെ വാരന്തങ്ങളിലെ മധുചഷകങ്ങള്‍ക്കൊപ്പം ലഹരിയിലെ രക്തവേഗങ്ങള്‍ക്ക് ആവേഗമായ് പുകയും..

കറ പിടിച്ച പല്ലുകള്‍,
ചോരനിറം മങ്ങി, അടര്‍ന്ന ചുണ്ടുകള്‍,
കറുപ്പ് പടര്‍ന്ന നെഞ്ചിന്‍ കൂടിന്റെ ചിത്രണം..

“ചോരതുപ്പി ചാകണ്ടങ്കില്, ഇത് നിര്‍ത്തിക്കോണം..”

ഡോക്ടറുടെ ക്രുദ്ധമുഖത്ത് നോക്കിയില്ല, തലകുലുക്കി, തല കുനിച്ച് ഇറങ്ങുമ്പോള്‍ വെള്ളരിപ്രാവുകളും നന്മയും കാല്‍പ്പാദങ്ങള്‍ക്കടിയിലൂടെ തിരയെ പിന്തുടരുന്ന പൂഴിമണലായത് ഓര്‍ത്തില്ല.



“ഒരു വില്‍സ് നാവി കട്ട്”

“നാസ്രെ, ഒരു പേക്ക് വില്‍സെട്ത്തൊഡ്രാ..”

“മാപ്ലെ, ഒരു പീസ് മദീന്ന്.”

കാദര്‍ക്കയുടെ മുഖത്തെ അനിഷ്ടം, സിഗരറ്റിനു തീ പറ്റിക്കുമ്പോള്‍ കണ്ടതായി നടിച്ചില്ല.



കോളെജ് മൈതാനം കടന്ന് പറമ്പിലേക്ക് കയറി, “ഉവ്വ്, ഇപ്രാവശ്യം മാവ് നിറയെ പൂത്ത് കായ്ച്ചിരിക്കുന്നു.”

“ഹേയ്, ദേവികേ.. നിനക്കിനിയും പച്ച മാങ്ങ വേണോങ്കി പറഞ്ഞാ മദീന്ന്..
ഹെ ഹെ ഹേ.. ആ നാണം എനിക്കറിയാല്ലോ.. എന്തായാലും അന്നത്തെ അശ്ലീലം ഞാന്‍ പറയില്ലാന്ന്..”

ഭര്‍ത്താവും കുഞ്ഞുങ്ങളുമായ് സസുഖം വാഴുന്നുവെന്ന് കരുതതലിലും അന്യന്റെ ഭാര്യയെ എന്നെങ്കിലും ആഗ്രഹിച്ചിരുന്നുവോ?



“അല്ല മച്ചൂ, ദ്ന്താദ്, എപ്പ വന്ന് നാട്ടില്?”
സൂരജിനൊപ്പം പങ്കിട്ട മുറിബീഡികള്‍ക്കൊപ്പം ഈ പുഞ്ചിരിയും ഉണ്ടായിരുന്നു.

“കഴിഞ്ഞ ബുധനാഴ്ച. അല്ല, നമ്മടെ എളന്നീര് ഇറക്കല് പരിപാടി ഒന്ന് നടത്ത്യാലോ അന്നത്തെപ്പോലെ?”

“കയറാനാവൂല്ലെടോ, നി പോയേപ്പിന്നെ അറിയാലോ എന്റെ കാര്യം, അന്നൊര് നാളിലെ പരിപാടിക്കെടേല് ഒരു വെട്ട് ഇടുപ്പെല്ലിനായിരുന്നു. കൊടുവള്ളീലെ സഹകരണത്തില് മൂന്ന് മാസം, പിന്നെ വീട്ടില്..”

“ആഹ്, പോട്ടെ. നിന്റെ സന്ധ്യ എന്തു പറയുന്നു, മ്മ്ടെ അന്വേഷണം പറയിന്‍..”



ചപ്പു ചവറുകളില്‍ അമര്‍ന്ന്, പടികള്‍ കയറി.
അടച്ചിട്ട വാതില്‍പ്പാളികള്‍ താക്കോത്സ്പര്‍ശമേറ്റപ്പോള്‍ ഒച്ച വെച്ചു.

നല്ല നാളിലെ ഓര്‍മ്മകള്‍.
മാഹിപ്പെരുന്നാള്‍, മദ്യവിരുന്നുകള്‍, ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് മത്സരങ്ങള്‍.

ഒരു തഴപ്പായയും കാവി മുണ്ടും മതി, കുറഞ്ഞത് നാല് പേര്‍ക്ക് നേരം വെളുപ്പിക്കാന്‍. ചര്‍ച്ചകള്‍ രാവിനെ പകലാക്കുമ്പോള്‍, വിടയോതാന്‍ രാവ് പോലും മറന്നിരുന്നു.

“സാഖാവെ, നമ്മുടെ രാഷ്ട്രീയം ഈ നാലു ചുവരുകള്‍ക്കറിയാം, നമ്മുടെ ഓര്‍മ്മകള്‍ രക്തസാക്ഷിയായത് എവിടെയാണ്..?”



മുറ്റത്തെ വരമ്പില്‍ ചെടിച്ചട്ടികള്‍ വരണ്ടിരിക്കുന്നു, പുഷ്പിതസൂനങ്ങള്‍ അന്യമായത് നിന്റെ വിരല്‍ സ്പര്‍ശം അകന്നപ്പോഴായിരുന്നുവോ?

അവസാനവര്‍ഷത്തിലെ പരീക്ഷ എഴുതാതെ ഓടിയൊളിച്ച് കടല്‍ത്തീരത്ത് തിരഞ്ഞ കവിത എഴുതാനാവുന്നത് നീണ്ട ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഏകാന്തതയുടെയും അന്യതാബോധത്തിന്റെയും അകലങ്ങളിലെ ദൂരമായിരുന്നു ഈ വര്‍ഷങ്ങള്‍. ഈ ദൂരങ്ങള്‍ കവിതകളാല്‍ നിറയട്ടെ..



വിദൂരസ്വപ്നങ്ങളില്‍ എന്നപോലെ എന്നും അവസാനിപ്പിക്കുന്നത്, ചെങ്കല്‍പ്പൊടി പുരണ്ട രൂപമാണ്.. പറയാതെ കീശയില്‍ നിന്നും പതിവായി അന്നെടുക്കാറുണ്ടായിരുന്ന അമ്പത് പൈസത്തുട്ടുകളിലെ സ്നേഹം..



ഇല്ല, ആ നിശ്വാസത്തിനും മുമ്പേ ചെയ്യുവാന്‍ കുറച്ച് കൂടിയുണ്ട്.

പിറകിലേക്കൊഴുകുന്ന പുഴ തേടുന്ന സൗന്ദര്യവും നിര്‍മ്മലതയും ഒരു തുള്ളിയെങ്കിലും ആസ്വദിക്കാന്‍ യാത്രയാവട്ടെ;

പിന്തുടരുന്ന ബാക്കിയായ കര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള അചഞ്ചലത നേടുവാനായ്..

----------------------------------------------------------------------------

*ചിത്രം ഗൂഗിളില്‍ നിന്ന്.

** *** **

05 April 2012

നിഴല്‍ന്നീളങ്ങള്‍



നിഴല്‍ നീണ്ട്
മങ്ങിയൊടുങ്ങുമിടത്താണ്
ഒരു വിത്ത് പാകുന്നത്..

മുളപൊട്ടി,
ഇലതളിര്‍ത്ത്, ഒരു ശിഖരമായ്
വളര്‍ന്ന്, അതില്‍ അവശേഷിക്കുന്നുണ്ട്
ഒരു പൊക്കിള്‍ക്കൊടിത്തുമ്പ്;

കാഴ്ച മങ്ങിയവരുടെ
അഗാധഗര്‍ത്ത നിപതനത്തിലെ
കൈവീശലിന്‍ അലയൊലികള്‍
സ്പഷ്ടമായ് കരയേറ്റുവാനായ്,

കൈയ്യാമങ്ങള്‍ക്കുള്ളില്‍
ഞെരിഞ്ഞമര്‍ന്ന് വ്രണം പുരണ്ട
അക്ഷരക്കൂട്ടിലെ അഗ്നിച്ചിറകുകളെ
തൂലികയ്ക്കുള്ളില്‍ ആവാഹിക്കുവാനായ്-
അവശേഷിക്കുന്നുണ്ട്
ആ പൊക്കിള്‍ക്കൊടിത്തുമ്പ്.

ഒടുവില്‍ ഒറ്റയായ് വീണ്ടും
നിഴല്‍ന്നീളത്തില്‍ നിറം പടരുമ്പോള്‍
കൈമാറി, പടര്‍ന്ന് വളരുവാനായ്
അവശേഷിപ്പിക്കുന്നു, എന്നും-
അതേ പൊക്കിള്‍ക്കൊടിത്തുമ്പിനെ..

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

18 March 2012

മഴക്കാലം..

മാനം കറുക്കുന്നു..
(വീടിന്റെ മുന്‍പിലെ വിശാലമായ പറമ്പില്‍ നിന്ന് ആകാശത്തിലേക്കുള്ള ദൃശ്യം)

മലമുകളില്‍ കിറുക്കന്‍ കാറ്റിന്‍ മേളം, കരിമേഘങ്ങള്‍ കൂട്ടിന്..
(ചെന്നൈയേക്ക് പോകും വഴി ഓടുന്ന ട്രെയിനില്‍ നിന്നൊരു സ്നാപ്)

കടലില്‍ കരിവെള്ളമുയരുന്നു, ആകാശത്തോളം..
(കണ്ണൂര്‍ പയ്യാമ്പലം ബീച്ച്)

ഒടുവില്‍ നീ അണയുന്നരികിലായ്, ഒരു കുമ്പിളെപ്പോള്‍ നിറയ്ക്കുമെന്നതിശയമായ്..
(കവല, എന്റെ നാട്)

നീയില്ലെങ്കില്‍..?
(വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ, എന്റെ തറവാട്ടുഗ്രാമം)

----------------------------------------------------------------------------
*ചിത്രം N73 Phone Camera-യില്‍ പലപ്പോഴായ് പിടിച്ചത്. 

**ചിത്രങ്ങള്‍ ഒന്നൊഴികെ എന്റെ നാട്ടിലേതാണ്, എന്റെ നാട് കണ്ണൂരാണെന്നറിയാലോ എല്ലാവര്‍ക്കും?
***ചിത്രങ്ങള്‍ എല്ലാം 2011 ഒക്ടോബര്‍ മാസത്തിലെ മഴക്കോള്, കേമറയില്‍ പകര്‍ത്തിയത്.. 


** *** **

11 February 2012

ഔട്ട് ലൈന്‍

"..ഒരു സ്കൂപ് ഒത്ത് വരുവോളം കാക്കാന്‍ എനിക്കാവില്ല, ഇന്നലെയും ഞാന്‍ പറഞ്ഞിരുന്നു ഈ ശമ്പളത്തിന് മൂന്ന് വര്‍ഷമായ് ജോലി തുടരുന്നത്.”

ഷര്‍ട്ടിന്റെ തടിച്ച അറ്റത്താല്‍, ഫ്രിഡ്ജില്‍ നിന്നെടുത്ത ടിന്‍ ബിയറിന്റെ തുറന്ന ഭാഗം തുടച്ച് തീന്‍ മേശയ്ക്കരികിലേക്ക് നീങ്ങുമ്പോള്‍ ബാലുവിന്റെ മുഖം കനത്തിരുന്നു.

മേശയില്‍ താടിക്ക് മുട്ടുകൈയ്യൂന്നിയിരിക്കുന്ന ദീപയില്‍ ഒരു മന്ദഹാസം വിടര്‍ന്നൊളി ചിന്നിയത് ബാലു കണ്ടു.

“ഹ് മം..?”

ബാലുവിന്റെ ചോദ്യഭാവത്തിന് ചിരി മാത്രമായിരുന്നു ദീപയുടെ മറുപടി.

വിലക്കയറ്റത്തിന്റെ അനുപാതത്തിലല്ലെങ്കിലും ഇത്തിരിയെങ്കിലും ശമ്പളവര്‍ദ്ധന നല്‍കാത്തതിന്റെ അമര്‍ഷവും പ്രണയിച്ച പെണ്ണിനെ “തട്ടിക്കൊണ്ട്” പോയ് കല്യാണം കഴിച്ച് മാന്യമായ് ജീവിച്ച് അഞ്ചെട്ട് മാസമായിട്ടും അമ്മായിഅപ്പനും കുടുംബവും തിരിഞ്ഞ് നോക്കാത്തതിന്റെ ഈര്‍ഷ്യയും ദീപയ്ക്ക് മനസ്സിലാകുന്നുണ്ടായിരുന്നു.

“ഊണ് വിളമ്പട്ടെ?”ചുളുക്കിയ ബിയര്‍ ടിന്‍ എടുക്കുന്നതിനിടയില്‍ അവളുടെ കൈ ബാലുവിന്റെ ഇടത് കൈയ്യിലമര്‍ന്നു.

“മ്..,” തുടര്‍ന്നെന്തോ പറയാന്‍ ബാലുവിന്റെ മുഖം വിടരുന്നതിനിടയില്‍ ദീപയുടെ കൈസ്പര്‍ശം ഒരു നുള്ളായ് രൂപാന്തരപ്പെട്ടിരുന്നു.

“നിന്നെ ഞാന്‍..”

“ഹാ, അവിടിരി.., ഞാനിതാ എത്തി.”

“ഹ് മം!”

കസേരയില്‍ നിന്നെഴുന്നേല്‍ക്കാനോങ്ങിയ ബാലുവിനെ, ദീപയുടെ ശബ്ദം അവിടെത്തന്നെ പിടിച്ചിരുത്തിയതിലും കൈവിട്ടതിന്റെ ഇളിഭ്യതയും ശബ്ദമായുയര്‍ന്നു.

** *** **

പ്രിയപ്പെട്ട പത്രാധിപര്‍ക്ക്

കഴിഞ്ഞ മാസം പതിനേഴാം തീയ്യതിയിലെ അപേക്ഷ പ്രകാരം അടുത്ത മാസം ആദ്യവാരം “മിന്നാരം” വാരികയില്‍ പ്രസിദ്ധീകരിക്കാനുദ്ദേശിക്കുന്ന നോവല്‍ മേല്‍പ്രകാരമാണ് തുടങ്ങുന്നത്. കഥാകൃത്തിന്റെ അമിതസ്വാതന്ത്ര്യത്തില്‍ വിശ്വാസമില്ലാത്ത നിലയ്ക്ക് എന്നത്തേയും പോലെ ഇതും താങ്കള്‍ക്ക് അയച്ച് തരുന്നു, ഇന്നത്തെ വായനയുടെ “ട്രെന്റ്” അറിയിക്കാന്‍ അപേക്ഷിക്കുന്നു. പ്രവാസിയായതിനാല്‍ നമ്മുടെ നാട്ടിലെ വായനയുടെ വഴി ഇപ്പോള്‍ അറിയാന്‍ കഴിയുന്നില്ല. എന്നിരുന്നാലും താഴെ പ്രകാരം ചില “ത്രെഡ്” വികസിപ്പിക്കാനുദ്ദേശിക്കുന്നത് താങ്കളുടെ സമ്മതത്തിനു ശേഷം മാത്രമായിരിക്കും.

1. “സ്കൂപ്” കിട്ടാതെ അലയുന്ന ഭര്‍ത്താവിന്, രാജ്യത്തെ നിയമസഭാസമ്മേളനം റിപ്പോര്‍ട്ട് ചെയ്യിപ്പിച്ച് പ്രസിദ്ധനാക്കിക്കാം.
2. സാമ്പത്തികഞെരുക്കം അനുഭവിക്കുന്ന ഈ അണുകുടുംബത്തിനെ രക്ഷിക്കാന്‍ “വെറുതെയല്ല പൊണ്ടാട്ടി” എന്ന തമിഴ് ചാനല്‍ പരിപാടിക്കയച്ച് ലക്ഷാധിപതിയാക്കി സ്വച്ഛജീവിതം നയിപ്പിക്കാം.
3. ഇത്തിരി എരിവും പുളിയും വേണമെങ്കില്‍ “വെറുതെയല്ല പൊണ്ടാട്ടി”യെന്ന പരിപാടിയില്‍ വിജയിയായ ഭാര്യയെക്കൊണ്ട് കണവനെ ഉപേക്ഷിച്ച് പ്രൊഡ്യൂസര്‍ക്കൊപ്പം ഒളിച്ചോടിപ്പിക്കാം.

താങ്കളുടെ വിലയേറിയ അഭിപ്രായവും പുതുനിര്‍ദ്ദേശവും കാത്ത് കൊണ്ട്,
വിശ്വസ്തതയോടെ
__________
(ഒപ്പ്)

----------------------------------------------------------------------------
*ചിത്രം ഗൂഗിളില്‍ നിന്ന്.

** *** **

04 February 2012

പറയാന്‍ ബാക്കിയുള്ളത്


 
കാഴ്ച്യ്ക്കുമപ്പുറം
എന്നില്‍ നിന്നും മറഞ്ഞ്..

എങ്കിലും
നിന്റെ കണ്ണാടിച്ചിത്രം
തെളിഞ്ഞതില്‍ പടര്‍ന്നത്
നീലവര്‍ണ്ണരാജികള്‍..

എപ്പഴായിരുന്നു
ഞാനിതെല്ലാം ശ്രദ്ധിച്ചിരുന്നത്?

നിനക്കോര്‍ത്തെടുത്ത്
ഇങ്ങനെ പറയാം-എന്നോട് മാത്രം;

ഒന്ന്-
എന്റെ മോഹങ്ങളിലെ
സ്വര്‍ണ്ണവര്‍ണ്ണം അടര്‍ന്ന നാള്‍
ഞാന്‍ വേദനിച്ചത്
അറിയാത്തതായ് നീ നടിച്ചപ്പോള്‍,

രണ്ട്-
അന്ന്, നിന്റെ കണ്ണിലെ തിളക്കം
കുറഞ്ഞനാള്‍
ഞാന്‍
നിന്നില്‍ നിന്നൊളിച്ചപ്പോള്‍,

മൂന്ന്-
ശലഭച്ചിറകുകളിലെ
അരിക്
പൊടിയാന്‍ തുടങ്ങിയ
വേനലിന്റെ പകുതിയില്‍..

ഇനിയുമേറെ;
നിനക്ക് എന്നോട് മാത്രം പറയാന്‍ ബാക്കിയുള്ളത്,
ഞാന്‍ നിന്നില്‍ നിന്ന് വായിച്ച് മുഴുമിക്കാത്തതും.

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

21 January 2012

ബ്ലോഗ് അഡ്രസ് മാറ്റുന്നതെങ്ങനെ? How to rename blog address?

ബ്ലോഗിനേക്കാള്‍ ചില പ്രൊഫൈല്‍ നാമങ്ങളാണ് പ്രശസ്തം, അതേ പേരില്‍ത്തന്നെ ബ്ലോഗ് ലിങ്ക് ഉണ്ടെങ്കില്‍ വായനയ്ക്ക് അത്തരം ബ്ലോഗ് കണ്ടെടുക്കാന്‍ എളുപ്പവും! (എന്റെ അഭിപ്രായത്തില്‍ ഇത് പബ്ലിസിറ്റിക്ക് കുറെയൊക്കെ സഹായകരം എന്ന് തന്നെയാണ്)

ഇത് ഒരു കാരണം മാത്രം, ഇങ്ങനെ പല കാരണങ്ങള്‍ കൊണ്ട് ബ്ലോഗ് അഡ്രസ് മാറ്റാന്‍ പറ്റിയെങ്കില്‍ എന്ന് പില്‍ക്കാലത്ത് ആഗ്രഹിക്കുന്നവര്‍ പലരുമുണ്ട്. പലര്‍ക്കും അറിയാവുന്നത് തന്നെയാണ്, എങ്കിലും അറിയാത്തവര്‍ക്കായ് ബ്ലോഗ് അഡ്രസ് മാറ്റുന്നത് എങ്ങനെയെന്ന് ചെറിയ രീതിയില്‍ വിശദീകരിക്കാന്‍ ശ്രമിക്കുകയാണ്.

ഒന്നോര്‍ക്കുക, ബ്ലോഗിനെന്തെങ്കിലും പറ്റുമെന്ന് കരുതുന്നുവെങ്കില്‍, ഒരു ഡമ്മി ബ്ലോഗ് ഉള്ളവര്‍ക്ക് അതില്‍ ആദ്യം പരീക്ഷിക്കുന്നതാണ് നല്ലത്. പക്ഷെ, ഇതില്‍ പേടിക്കാന്‍ ഒന്നും ഇല്ലെന്ന് 100% ഉറപ്പ് ഞാന്‍ തരും.

ആദ്യപടി, എന്ത് ആത്മവിശ്വാസമുണ്ടെങ്കിലും കരുതല്‍ നല്ലതെന്ന നിലയ്ക്ക് ബ്ലോഗിന്റെ പൂര്‍ണ്ണമായ ഒരു കോപ്പി കരുതി വെക്കുക. ചിത്രങ്ങളില്‍ ചുവന്ന ബ്ലോക്കുകളും അമ്പുകളും കാണിച്ച പോലെ ചെയ്യണം.

ചിത്രം ഒന്ന്

ചിത്രം ഒന്നില്‍ അടയാളപ്പെടുത്തിയത് പോലെ, Dashboard ചെന്ന് Settings-ല്‍ > Export blog ല്‍ ക്ലിക്ക് ചെയ്താല്‍ താഴെ കാണും പോലെപുതിയ വിന്‍ഡോ വരും.

ചിത്രം രണ്ട്

ചിത്രത്തില്‍ അടയാളപ്പെടുത്തിയത് പോലെ Download blog ല്‍ ക്ലിക്ക് ചെയ്താല്‍ നമ്മുടെ ബ്ലോഗിന്റെ ഒരു കോപി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ച് വെക്കാം.

ചിത്രം മൂന്ന്

ഇതില്‍ കാണിച്ചിരിക്കുന്ന പോലെ ആ കുഞ്ഞ് ബോക്സില്‍ നിലവിലുള്ള ബ്ലോഗ് പേരാണ് കാണാനാവുക. തുടര്‍ച്ച നാലാമത്തെ ചിത്രത്തില്‍ കാണുക

ചിത്രം നാല്

ഈ ചിത്രത്തില്‍ കാണിച്ചത് പോലെ നിലവിലുള്ള പേര് മാറ്റി, മാറ്റുവാന്‍ ഉദ്ദേശിച്ചിട്ടുള്ള പേര് എഴുതുക. നിശ്ചിത പേര് ലഭ്യമാണോ എന്ന് blogger.com സേര്‍ച്ച് ചെയ്യും (ഇ-മെയില്‍ ക്രിയേറ്റ് ചെയ്യുമ്പോള്‍ ഇത്തരം step ഉണ്ടാകുന്നത് ഓര്‍ക്കുക). ലഭ്യമെങ്കില്‍ അതിനു താഴെ കാണുന്ന ചിത്രത്തിലെ ലെറ്റേര്‍സ് ശേഷമുള്ള ബോക്സില്‍ എഴുതി സേവ് സെറ്റിംഗ്സ് ചെയ്യുക.

തീര്‍ന്നു, ഇനി ബ്ലോഗിന്റെ ലിങ്ക് മുകളില്‍ ശ്രദ്ധിച്ച് നോക്കൂ..
===============================================
നോട്ട് :- രണ്ടാമത് ചിത്രത്തില്‍ export blog ന്റെ ഇടത് വശം import blog എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ എക്സ്പോര്‍ട്ട് ചെയ്ത ഫയല്‍ blogger.com ല്‍ അപ് ലോഡ് ചെയ്യാം. അതുവഴി നമ്മുടെ ബ്ലോഗ് മുഴുവനായിത്തന്നെയാണ് അപ് ലോഡാവുന്നത്. എന്നു വെച്ചാല്‍ നമ്മുടെ പോസ്റ്റുകള്‍, കമന്റുകള്‍ എല്ലാം പഴയപടി പുനസ്ഥാപിക്കപ്പെടുമെന്നര്‍ത്ഥം.

ഭീഷണി :- അഭ്യാസങ്ങള്‍ ഒരു ഡമ്മി ബ്ലോഗിലാവുന്നതാണ് ഈ ഐറ്റങ്ങള്‍ ആദ്യമായ് കൈകാര്യം ചെയ്യുന്നവര്‍ക്ക് നല്ലത്!!

ഓ:ടോ:-“ഈശ്വരാ, ഇങ്ങനെയൊക്കെയേ, ഇത്രയ്ക്കൊക്കെയേ എന്നെക്കൊണ്ടാവൂ.. :( !!”
.
----------------------------------------------------------------------------
*ചിത്രം എന്റെ ബ്ലോഗ് സെറ്റിംഗ് പേജീന്ന്!
** *** **
Related Posts Plugin for WordPress, Blogger...