25 December 2010

നീ ഓര്‍മ്മിപ്പിക്കുന്നത്..


മറക്കുവാനേറെയുണ്ട്
എങ്കിലും

ഈ വെയിലിലും
വീഴുന്ന നിഴലിലും

ഈ ഇരുളിലും
നിറയുന്ന കറുപ്പിലും

ഈ കാറ്റിലും
തഴുകുന്ന നിറവിലും

കവിതയായ്
നീ
എന്നെ പുണരുന്നു
ഇടവേളയില്ലാതെ..
------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

05 December 2010

മേഘതീര്‍ത്ഥങ്ങള്‍

കാറിന്റെ പിറകിലെ സീറ്റില്‍‍ വലതുകരം വാതിലില്‍‍ ചേര്‍ത്ത് ഒരു ദീര്‍ഘനിശ്വാസത്തോടെ അരുന്ധതി മുന്നോട്ട് ആഞ്ഞിരുന്നു. അവളുടെ കണ്ണുകള്‍ കനം കൂടിവരുന്ന ഇരുട്ടിലെ, പിറകിലേക്കോടി മറയുന്ന, കാഴ്ച്ചകളെ പിന്തുടര്‍ന്നില്ല. ഗ്ഗ്ലാസിനരികിലേക്ക് നീങ്ങിയപ്പോള്‍ റോഡരികിലെ ജ്വലിക്കുന്ന തെരുവുവിളക്കുകള്‍ അവളുടെ മുഖത്തെ വിളര്‍ച്ചയ്ക്ക് കട്ടികൂട്ടിയതേയുള്ളു. രണ്ടാഴ്ചത്തെ ഹോസ്പിറ്റലിലെ മരുന്നുകള്‍ക്കൊപ്പമുള്ള വാസം കഴിഞ്ഞു, ഡിസ്ചാര്‍ജ്ജ് ചെയ്തത് വൈകിട്ടായത് നന്നായെന്ന് അവള്‍ ഓര്‍ത്തു, പകല്‍ വെളിച്ചത്തിലെ മുഖങ്ങളില്‍ നിന്നുള്ള താത്കാലിക രക്ഷപ്പെടല്‍!

“ദേഹമിളക്കേണ്ട, സീറ്റിലേക്ക് ചാഞ്ഞ് കിടന്നോളൂന്നെ”

ഇടത് വശത്തിരുന്ന ദേവന്റെ വാക്കുകളില്‍ നിസ്സഹായത കലര്‍ന്നിരുന്നെന്ന് അവള്‍ക്ക് തോന്നി. ഒന്നും മിണ്ടാതെ കൈകള്‍ പിന്‍വലിച്ച് പിറകിലേക്ക് ചാഞ്ഞ് പതുക്കെ കണ്ണടച്ചു. കണ്ണില്‍ ഇരുട്ട് കയറുമ്പോള്‍ ഓര്‍മ്മകള്‍ക്ക് ചലനവേഗത കൂടുന്നു, ഇരുളില്‍ ചിത്രങ്ങള്‍ക്ക് തെളിച്ചമേറുന്നു.

“ഇല്ല ദേവാ, ഞാനിതിനു സമ്മതിക്കില്ല. നിനക്കറിയില്ലെ ഈയൊരു നിമിഷത്തെ നമ്മള്‍ എത്രമാത്രം ആഗ്രഹിച്ചിരുന്നെന്ന്?
നിനക്കറിയില്ലെ, നിന്നെ അറിഞ്ഞത് മുതല്‍ നീ തൊടാതെ തന്നെ നിന്നെ ഞാന്‍ എന്നില്‍ നിറച്ചിരുന്നെന്ന്? എന്നിട്ടുമെന്തേ നീയിപ്പോള്‍ ഇങ്ങനെ..?”

ചോദ്യങ്ങള്‍ കൂരമ്പുകളായിരുന്നില്ല, അപേക്ഷയുമായിരുന്നില്ല, അധികാരം കാണിക്കാന്‍ തനിക്കൊരാളേ ഉണ്ടായിരുന്നെന്ന് അവള്‍ ഓര്‍മ്മിപ്പിക്കുകയായിരുന്നു. സ്നേഹം മനസ്സില്‍ മാത്രം നിറച്ച ചുറ്റുപാടുകളാല്‍ ഒറ്റപ്പെട്ട തന്റെ ഏകാന്തതയില്‍ കൂട്ടായ് ഇരുന്നവനോടുള്ള സ്നേഹാധികാരം. ഇന്നിപ്പോള്‍ അവനിതെന്തേ അറിയാത്തതെന്ന് അവള്‍ക്ക് മനസ്സിലായില്ല.

വാശിയേറിയ വാദപ്രതിവാദത്തിനിടയില്‍ അവളുടെ ശബ്ദം ഉയര്‍ന്നപ്പോള്‍ ഒരു മിന്നല്‍ കണക്കെ ദേവന്റെ കൈ കവിളില്‍ പതിച്ചതും നിലതെറ്റി വീണത് ടീപോയ്ക്ക് മുകളിലേക്കായിരുന്നെന്ന് മങ്ങിയ കാഴ്ചയില്‍ അവള്‍ അറിഞ്ഞിരുന്നു.

പിന്നീടെപ്പോഴാണെന്നറിയില്ല, നേര്‍ത്ത തണുപ്പില്‍ നട്ടെല്ലിലെ വേദന അരിച്ച് കയറുന്നത് ശരീരം പ്രതികരിച്ചതിനെ ആരൊക്കെയോ ചേര്‍ന്ന് തടഞ്ഞ സ്പര്‍ശനമാണ് ബോധത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്. കണ്ണുകള്‍ തുറക്കാനായില്ല. അവയെ വലിച്ച് തുറക്കാന്‍ കൈയ്യിലെ ബന്ധനം അവളെ സമ്മതിച്ചതുമില്ല.

“കുളിമുറിയില്‍ തെന്നി വീണപ്പോള്‍ അടിവയര്‍ എവിടെയോ തട്ടിയതാ ബ്ലീഡിംഗാവാന്‍ കാരണം, ഓപ്പറേഷന്‍ കഴിഞ്ഞിട്ട് നാലഞ്ച് മണിക്കൂറായി, ജീവന്‍ തിരിച്ച് കിട്ടീല്ലൊ. ഇപ്പഴത്തേത് പൊയ്പ്പൊയാലും ഇനിയുമാകാമെന്നാ ഡോക്ടര്‍ പറഞ്ഞത്. ഈശ്വരന്‍ അവളെ കൈവിട്ടില്ല്യാന്ന് കൂട്ട്യാ മതി.”

ഏടത്തിയമ്മ..? ആ പരിചിത ശബ്ദം ആരോടാണ് പറയുന്നത്?

കേട്ട വാക്കുകളിലൂടെ എല്ലാം മനസ്സിലായപ്പോള്‍ നിയന്ത്രണം വിട്ട മനസ്സ് ശരീരത്തിനെ ആകെ പ്രകമ്പനം കൊള്ളിച്ചു. അവശയായ തന്നിലെ വാക്കുകളേതും പുറത്ത് വന്നില്ല. എല്ലാം കണ്ണുനീര്‍ച്ചാലായ് ഒലിച്ചിറങ്ങിയത് തുടച്ചതാരായിരുന്നു? “ദേവാ അത് നീയായിരുന്നോ?”

“എന്താ, വേദനയുണ്ടോ?”

ദേവന്റെ ചോദ്യമായിരുന്നു മയക്കത്തില്‍ നിന്നും അവളെ ഞെട്ടി ഉണര്‍ത്തിയതും തന്റെ ചോദ്യം ഉച്ചത്തിലായിരുന്നെന്ന് മനസ്സിലായതും.

“എന്താ, വേദനയുണ്ടോ? വണ്ടി നിര്‍ത്തണോ?” മടിയില്‍ അലസമായ് വെച്ച അവളുടെ ഇടതുകരത്തിനെ മുറുകെപ്പിടിച്ച് അവന്‍ വീണ്ടും ചോദിച്ചു.

വേണ്ടെന്നര്‍ത്ഥത്തില്‍ അവള്‍ കണ്ണുകള്‍ ഇറുക്കിയടച്ച് തുറന്നപ്പോള്‍ നിറകണ്ണിലെ ചുടുനീര്‍ ചാലിട്ടൊഴുകിയത് ദേവന്‍ കാണുന്നുണ്ടായിരുന്നു. അയാള്‍ അവളുടെ കരത്തില്‍ ഒന്നുകൂടി അമര്‍ത്തിപ്പിടിച്ചപ്പോള്‍

ആ കണ്ണുനീര്‍ തുടയ്ക്കാന്‍ ദേവന്റെ കൈയും മനസ്സും വെമ്പിയത്
ആ കരത്തിന്റെ ആര്‍ദ്രത കൂടിയത്,
ആ നോട്ടത്തില്‍ കുറ്റബോധം അലയടിച്ചത്,
ആ കണ്ണുകള്‍ മാപ്പിരന്നത്,
ആ മൗനം അവളോട് കരയരുതെന്നപേക്ഷിച്ചത്..

എല്ലാം..

എല്ലാം അവള്‍ അറിയുകയായിരുന്നു.

‌‌‌‌-----------------------------------------------------------------------------------------------
*ചിത്രം ഗൂഗിളില്‍ നിന്ന്.

** *** **

06 November 2010

വിടപറയും നേരം

ഇല്ല, ഇനി ഒരു വട്ടം കൂടി മനസ്സിനെ പാഴ്കിനാവിന് പണയം വെക്കാന്‍ തോന്നുന്നില്ല.

തിക്തമായ അനുഭവങ്ങള്‍ സ്വയംവരം ചെയ്തതാണെന്ന നല്ല ബോധമുണ്ട്. അരുതാത്തത് ചെയ്യരുതെന്ന അവന്റെ നിര്‍ദ്ദേശം ചെവിക്കൊണ്ടില്ല, നിര്‍ബന്ധം തനിക്കായിരുന്നു. ആണല്ലെന്ന തരത്തിലുള്ള കളിയാക്കല്‍ വാശികയറ്റാന്‍ താന്‍ ബോധപൂര്‍വ്വം പറഞ്ഞതിന് പ്രവൃത്തിയിലൂടെയാണ് അവനില്‍ നിന്നും മറുപടി കിട്ടിയത്. തനിക്ക് വേണ്ടതും അതുതന്നെയായിരുന്നു, ബോധ-ഉപബോധങ്ങള്‍ വ്യത്യാസമില്ലാത്ത കാലം.

കോളെജിന്റെ പടിയിറങ്ങുമ്പോള്‍ ഒരു യാത്ര പറയലിന്റെ ഔപചാരികത ഒഴിവാക്കാനാണ് അതിന്റെ തലേന്നാള്‍തന്നെ ഹോസ്റ്റല്‍ വിട്ടിറങ്ങിയത്. അന്ന് അവസാനമായ് കാണുകയാണെന്ന ഉറപ്പോടെ തന്നെയാണ് അവനെ സമീപിച്ചതും നാളെ കാണാമെന്ന് കള്ളം പറഞ്ഞതും. ബാഗുകള്‍ ഓട്ടോയില്‍ കയറ്റുമ്പോള്‍ ദേവികേ, നാളെ ഒരീസം കൂടിയല്ലെ, നീ പോകരുത് എന്ന ജയയുടെ പിന്‍വിളി തനിക്ക് കേട്ടില്ലെന്ന് നടിക്കാന്‍ വിഷമം ഉണ്ടായിരുന്നില്ല. ഹോസ്റ്റലും കടന്ന് കോളെജിന് മുന്നിലൂടെ ഓട്ടൊ കടന്നുപോകവെ അവസാനമായ് ഒന്നുകൂടി ആ ക്യാമ്പസും മുറ്റവും കരിങ്കല്‍ ചുവരുകളും പിറകിലേക്ക് ഒഴുകി മറയുമ്പോള്‍ കണ്ണുകള്‍ നിറഞ്ഞിരുന്നു.

ഏകാന്തതയുടെ ദിവസങ്ങള്‍ കൊഴിഞ്ഞ് വീണത് കണക്കെടുത്തില്ല. പിന്നീടെപ്പൊഴോ രൂപഭേദങ്ങളോടെ ഒരു മുഖം മനസ്സിലേക്ക് കയറിയത് എങ്ങനെയായിരുന്നു എന്നറിയില്ല. ഏകാന്തതയുടെ ഒപ്പമുള്ള കവിതസ്വാദനം ചെറുവരികളായ് ഇമെയിലിലൂടെ നിശബ്ദശബ്ദമായ് മനസ്സുകളെ തമ്മിലടുപ്പിച്ചതാവാം. എല്ലാം തുറന്നെഴുതിയിട്ടും തന്നെ സ്വീകാര്യമായത് എങ്ങനെയെന്ന് മനസ്സിലാക്കാന്‍ സാധിച്ചില്ല.

ഇല്ല,

ഇനി ഒരു വട്ടം കൂടി മനസ്സിനെ പാഴ്കിനാവിന് പണയം വെക്കാന്‍ തോന്നുന്നില്ല..

നിന്നെ വെറുക്കാന്‍ ഞാന്‍ ആഗ്രഹിക്കുകയാണ്-

ഇന്നെന്നാൽ വെറുക്കപ്പെട്ടവനേ,
നിനക്കായ് ഞാനെന്റെ കൈകള്‍ നീട്ടിയത്-

പഴകിയ, ചിതലരിച്ച
എന്‍ ഹൃദയം കരിച്ച ചാമ്പലില്‍
കുളിച്ചതിന്‍ ശേഷമല്ല,
നോമ്പെടുത്തല്ല,
അഗ്നിനാളങ്ങള്‍ക്കുമുയരെ
മന്ത്രങ്ങള്‍ ചൊല്ലി
ആ അഗ്നിശുദ്ധിക്ക് ശേഷമല്ല..

ഇന്ന് എന്റെ വിടപറയലില്‍
സ്വയം കൊളുത്തിയ ചിതയില്‍
അവസാനം നിറയാന്‍
ഒരു നുള്ള് വെണ്ണീറിനു പോലും
എന്നില്‍ ബാക്കിയായ് ഒന്നുമില്ല,

ഇരുനിറങ്ങളില്‍
നീ രചിച്ച വരികളിലെ
മരണത്തിന്‍ നറുമണവും
മാറ്റത്തിന്‍ പുതുമണവും
എന്റെ സിരകളില്‍ നിറക്കുവാനാവരുത്.
ഇവിടെ നിന്നും യാത്ര പറയുകയാണ്,
ഇനിയൊരിക്കലും കാണരുതെന്നാശംസകളോടെ..
------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

31 October 2010

തട്ടം പിടിച്ച് വലിക്കല്ലെ..


പുറത്ത് മഴ പെയ്യുന്ന ശബ്ദമാണ് അര്‍ദ്ധമയക്കത്തില്‍ നിന്നും സൈനബയെ ഉണര്‍ത്തിയത്. നിറവയര്‍ താങ്ങി മെല്ലെയവള്‍ എഴുന്നേറ്റു. “ഉമ്മാ, അത്തുണിയെല്ലം നന്‍ഞ്ഞ് തോന്ന്”

“ഞ്ഞിവ്ടെ അന്ങ്ങാണ്ട്ക്ക് ന്ന്ണ്ടാ? ഇമ്മയത്താ ഓള് തുണിയെട്ക്കാനോട്ന്ന്..” ശാസിക്കുന്നതിനിടയില്‍ ഉമ്മ തുണിയെല്ലാം വാരിയെടുക്കാന്‍ തുടങ്ങിയിരുന്നു.

അയല്‍പക്കത്തെ ശബ്ദമാണ് ‘മംഗള’ത്തില്‍ നിന്ന് മുഖമുയര്‍ത്തി അങ്ങോട്ട് നോക്കാന്‍ പ്രേരിപ്പിച്ചത്. സൈനബയ്ക്കിത് മാസം എത്രയാണൊ ആവൊ. ഏഴോ എട്ടോ മാസം വയര്‍ വളര്‍ന്നിട്ടുണ്ടാവണം, മാക്സിയുടെ താഴെഭാഗം കാലുകള്‍ കാണാന്‍ പാകത്തില്‍ പൊങ്ങിയിട്ടുണ്ടായിരുന്നു ഇന്നലെ കാണുമ്പോള്‍. എത്രയെന്ന് അമ്മയ്ക്ക് അറിയുമായിരിക്കും. ഏതായാലും ചോദിക്കാന്‍ പോയില്ല.

നാട്ടിലെ ചുരുക്കം മുസ്ലീം വീടുകളിലൊന്നാണ് സൈനബയുടേത്. അവളാണ് പത്തിരി ഉണ്ടാക്കാനും ബിരിയാണിയരിയുടെ വേവും അതിനൊഴിക്കുന്ന വെള്ളത്തിന്റെ കണക്കും പഠിപ്പിച്ചത്, എന്നിട്ടും ബിരിയാണി എപ്പോഴും വെന്ത് നാശമാകാറേ ഉണ്ടായിരുന്നുള്ളു. അന്നെല്ലാം മനോരാജ്യവും മംഗളവും വായിച്ച് അടുപ്പിനെ മറക്കുന്നതാണ് അതിന് കാരണം. സമപ്രായക്കാരായിരുന്നെങ്കിലും സൈനബയ്ക്കൊപ്പം ആദ്യമായ് പഠിക്കുന്നത് എട്ടാം ക്ലാസ്സിലായിരുന്നു.

ഹൈ സ്കൂളിലെ ആദ്യ ദിവസം, ക്ലാസ് ടീച്ചറിന്റെ ഹാജറെടുപ്പ്. പ്രെസന്റ് ടീച്ചര്‍ എന്ന ഓരോ ശബ്ദത്തിന്റെ ഉടമയേയും ഓമന ടീച്ചറിന്റെ കണ്ണുകള്‍ ഒപ്പിയെടുക്കുന്നുണ്ടായിരുന്നു.

ടീച്ചര്‍ അടുത്ത പേര് വിളിച്ചു
“സൈനബ. സി”

“പ്രെസന്റ് ടീച്ചര്‍”
ഊഴം കാത്തിരുന്ന സൈനബ ഉത്സാഹത്തോടെയാണ് ഹാജര്‍ പറഞ്ഞത്.

ആ ശബ്ദത്തിന്റെ ഉടമയെ ടീച്ചര്‍ അന്ന് കൗതുകത്തോടെ ഇത്തിരി നേരം നോക്കിയത് ക്ലാസിലെ ആരും മറന്നിരിക്കാന്‍ ഇടയില്ല. ആ കൗതുകം ഒരു ചോദ്യമായ് വരാഞ്ഞതില്‍ പലരും നിരാശരുമായിരുന്നിരിക്കണം. കൗതുകവും നിരാശയും വേറൊന്നുമായിരുന്നില്ല, തട്ടമിടാത്ത മുസ്ലീം പെണ്‍കുട്ടി എന്നതായിരുന്നു കൗതുകമെങ്കില്‍, എന്തുകൊണ്ട് നീ തട്ടമിടുന്നില്ല എന്ന് ടീച്ചര്‍ ചോദിക്കാത്തതിലായിരുന്നു നിരാശ. പഠിക്കാനും മിടുക്കുണ്ടായിരുന്ന അവളുടെ വിവാഹം കഴിഞ്ഞ് രണ്ട് വര്‍ഷമാകുന്നു.
‌‌‌‌‌‌-----------------------------------------------------------------------------------------------
അടുത്ത കാലത്തിറങ്ങിയ പരദേശി എന്ന സിനിമയിലെ ‘തട്ടം പിടിച്ച് വലിക്കല്ലെ..’ എന്ന ഗാനം ടിവിയില്‍ വരുമ്പോള്‍ കിലുങ്ങിച്ചിരിച്ചുകൊണ്ട് സൈനബ പറയും,
“ഞാള തട്ടെങ്ങ്ന്യാ ബെലിക്ക്വാ നോക്ക്ണല്ലോ”

യാഥാസ്തിക മനോഭാവം ഏറ്റവും കൂടുതലുള്ള ഒരു സമുദായത്തില്‍ നിന്നും പതിനഞ്ചോളം വര്‍ഷങ്ങള്‍ക്ക് മുമ്പേ ഒരടി മുന്നില്‍ നടക്കാന്‍ തുടങ്ങിയ സൈനബയ്ക്കും ഏതൊരു സമൂഹത്തിലെയും അവളെപ്പോലുള്ളവര്‍ക്കും അവള്‍ക്ക് മുന്നിലും പിന്നിലുമായ് നില കൊള്ളുന്നവര്‍ക്കുമായ് ഈ വരികൾ സമര്‍പ്പിക്കുകയാണ്.
‌‌‌‌-----------------------------------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

11 October 2010

സമദൂരം


പാളങ്ങള്‍ നീണ്ട്
കണ്ണെത്താ ദൂരം മറയുന്നു,

ഞാന്‍ നടന്നത്
എനിക്ക് മുന്നിലും
നീ നടന്നത്
നിനക്ക് മുന്നിലും.

ദിക്കുകള്‍ ആപേക്ഷികം,
തിരിച്ചറിഞ്ഞത്-
പിറകിലേക്ക്
നോക്കിയപ്പോള്‍ മാത്രം

അറിയില്ല, നിന്റെ കണ്ണിലും
തിരയടിച്ചിരുന്നോയെന്ന്..

വൈകിയെങ്കിലും
ഒരുവേള കൊതിച്ചു പോയ്
ഈ വിരല്‍ത്തുമ്പ്, നിന്‍
കൈക്കുള്ളിലൊളിച്ചിരുന്നെങ്കില്‍..
------------------------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **

08 October 2010

എന്റെ ചെമ്പരത്തി


ചിത്രം മഴ ചാറിയൊഴിഞ്ഞ് നേര്‍ത്ത വെയിലില്‍ ഈര്‍പ്പമുണങ്ങാന്‍ തുടങ്ങുമ്പോള്‍ എടുത്തതാണ്. ഇവള്‍ എനിക്ക് പിടി തരാതെ ചെറുകാറ്റില്‍ ഇളകി എന്നോട് കുറുമ്പ് കാണിച്ചുകൊണ്ടെയിരുന്നു. എന്നാലൊന്നു കാണാലോ എന്നോര്‍ത്ത് ഞാനും ക്ഷമയോടെ കാത്തിരുന്നു. എന്നോട് സ്നേഹമുള്ളവളായിരുന്നു ഇവള്‍, കാരണം കുറുമ്പൊക്കെ അടക്കി ക്യാമറയിലേക്ക് പകര്‍ത്താന്‍, അടങ്ങി, സുന്ദരിയായ് നിന്നു തന്നു അവസാനം.
** *** **

30 September 2010

ഭൂമിയുടെ അവകാശി*


*വൈക്കം മുഹമ്മദ് ബഷീർ സ്മരണയിൽ

മഴ ചാറിയൊഴിഞ്ഞാൽ തൊടിയിലിറങ്ങി നടക്കുന്നത് ഒരു സൂക്കേടാണൊ? ആണെങ്കിലും അല്ലെങ്കിലും എന്റേട്ടൻ തിരിച്ച് വരാന്തയിലേക്ക് കയറുമ്പോൾ എന്തെങ്കിലും വിശേഷവുമായ് വരുക പതിവാണ്. കഴിഞ്ഞ ഓണദിവസം ഉച്ചകഴിഞ്ഞ് അങ്ങനെ കയറി വന്നപ്പോൾ കക്ഷിയുടെ മൊബൈലിലെടുത്ത ചിത്രം കമ്പ്യൂട്ടറിൽ കാണിച്ചു തന്നതാണ്. അത് ഞാനിങ്ങ് “ചൂണ്ടി”

എങ്ങനുണ്ട് കൂട്ടരേ?!
** *** **

25 September 2010

ബ്ലോഗുലകത്തിലേക്ക് ഞാനും..?

ഒരു കുറിപ്പുമായ് ആദ്യമാണ്. കുറച്ച് കാലമേ ആയുള്ളു എങ്കിലും സമയം പോലെ വായിക്കാറുണ്ട്. കുറച്ചൊക്കെ പേരുകള്‍ ഓര്‍മ്മയിലുമുണ്ട്. അവരില്‍ ആരെയും ഇവിടെ പരാമര്‍ശിക്കുന്നില്ല. അഭിപ്രായപ്രകടനങ്ങള്‍ അബദ്ധമാകുമെന്ന വിശ്വാസമാണ് ആരുടെയും ബ്ലോഗില്‍ അത് പ്രകടിപ്പിക്കാതിരുന്നത്. പക്ഷെ, എഴുതുന്നവര്‍ക്ക് വായനക്കാരുടെ അഭിപ്രായം വിലപ്പെട്ടതാണെന്ന ഒരു ബ്ലോഗ് അടുത്തിടെ കാണുകയുണ്ടായി. അതിനാല്‍ ഇനി മുതല്‍ എന്റെ അഭിപ്രായം ഞാനും പങ്കുവെയ്ക്കുന്നതായിരിക്കും (പേടിയായോ? - എനിക്കു തന്നെ എന്ന് ആത്മഗതം!). ഈ ബ്ലോഗ് നിര്‍മ്മിക്കാന്‍ സഹായിക്കുകയും കുറച്ചൊക്കെ എന്നെ പഠിപ്പിക്കുകയും ചെയ്ത എന്റെ കൂടപ്പിറപ്പിന് സ്നേഹത്തില്‍ നിറഞ്ഞ നന്ദി പറയട്ടെ.


ബ്ലോഗുലകത്തിലെ എല്ലാവരുടേയും സമ്മതത്തോടെ,
ഗണപതിക്ക് വെച്ചത് കാക്ക കൊണ്ടുപോകില്ലെന്ന വിശ്വാസത്തോടെ





-നിശാസുരഭി
** *** **
Related Posts Plugin for WordPress, Blogger...