വജ്രശലാകകള്‍
തുളച്ചിറക്കിയൊരു മുറിവ്-
വ്രണച്ചൂടില്‍
കൊക്കുരുമ്മിയൊരു പക്ഷി-
അസ്തമനക്കാറ്റില്‍
ഒഴുകിയൊരു വീണാനാദം
വിടരുന്ന മുറിവിനെയും
പടരുന്ന ഇരുളിനെയും
കൊതിയോടെ
വാരിപ്പുണര്‍ന്നു ഞാന്‍-
പ്രണയവും സംഗീതവും മറക്കാന്‍..
-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **
പദങ്ങള്‍-
നിറങ്ങള്‍,
നിഴലുകള്‍
നിര്‍വ്വചനങ്ങള്‍-
കറുപ്പും വെളുപ്പും
നിറമല്ലെന്ന് ശാസ്ത്രം
ഏഴുനിറങ്ങളാം സൗന്ദര്യം
ഒതുക്കിയാല്‍ കറുപ്പെന്നറിയുക
ഹൃദയം കണ്ണാടിയെങ്കില്‍
വെളുപ്പെന്നറിയാന്‍ വൈകയുമരുത്.
നിഴലുകള്‍ക്ക് നീളമേറുമെന്ന്
കാലമോതുന്നു-
ഒപ്പം, ഓര്‍മ്മകള്‍-
കണ്ടെടുക്കാന്‍ കാലമേറുമെന്നും..
അടിവരകള്‍-
സ്വപ്നമേകാം
നിറങ്ങളന്യമെങ്കില്‍ നന്ന്,
ഓര്‍മ്മകളെയൊരുക്കാം
നിഴലുകളന്യമെങ്കില്‍ നന്ന്..
-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **
യാത്ര
നിന്നില്‍ നിന്ന്
എന്നിലേക്ക്
ദൂരം
ഒരു ഞൊടി
അതോ ഒരു കാതം(?)
നാവ്,
ഉണര്‍ന്നില്ല
വിടയോതുവാന്‍
ഹൃദയം
നൊന്തുവോ(?)
അടര്ന്നപ്പോള്
കണ്ണുകള്‍
നിറച്ചുവോ(?)
ബാഷ്പകണങ്ങള്‍
ഒരു വഴിയും കുറേനിഴലുകളും*
പിന്തുടര്ന്നത് കാലടികളെ,
അകന്നകലെ സൂര്യനൊപ്പം-
മായുന്നു നീള്‍ഛായകള്‍
അടരുന്നു ചിതല്‍പ്പുറ്റുകള്‍
കൊഴിയുന്നു ചില്ലുചിറകുകള്‍..
-------------------------------------------------
*രാജലക്ഷ്മിയുടെ നോവലിന്റെ പേര്.
*ചിത്രം ഗൂഗിളിൽ നിന്ന്.
** *** **