10 June 2012

പിറകിലേക്കൊഴുകുന്ന പുഴകള്‍

തല്ലിപ്പൊളികള്‍ക്കിടയില്‍ കാലം കഴിച്ച ദിനങ്ങളിലെ വാരന്തങ്ങളിലെ മധുചഷകങ്ങള്‍ക്കൊപ്പം ലഹരിയിലെ രക്തവേഗങ്ങള്‍ക്ക് ആവേഗമായ് പുകയും..

കറ പിടിച്ച പല്ലുകള്‍,
ചോരനിറം മങ്ങി, അടര്‍ന്ന ചുണ്ടുകള്‍,
കറുപ്പ് പടര്‍ന്ന നെഞ്ചിന്‍ കൂടിന്റെ ചിത്രണം..

“ചോരതുപ്പി ചാകണ്ടങ്കില്, ഇത് നിര്‍ത്തിക്കോണം..”

ഡോക്ടറുടെ ക്രുദ്ധമുഖത്ത് നോക്കിയില്ല, തലകുലുക്കി, തല കുനിച്ച് ഇറങ്ങുമ്പോള്‍ വെള്ളരിപ്രാവുകളും നന്മയും കാല്‍പ്പാദങ്ങള്‍ക്കടിയിലൂടെ തിരയെ പിന്തുടരുന്ന പൂഴിമണലായത് ഓര്‍ത്തില്ല.



“ഒരു വില്‍സ് നാവി കട്ട്”

“നാസ്രെ, ഒരു പേക്ക് വില്‍സെട്ത്തൊഡ്രാ..”

“മാപ്ലെ, ഒരു പീസ് മദീന്ന്.”

കാദര്‍ക്കയുടെ മുഖത്തെ അനിഷ്ടം, സിഗരറ്റിനു തീ പറ്റിക്കുമ്പോള്‍ കണ്ടതായി നടിച്ചില്ല.



കോളെജ് മൈതാനം കടന്ന് പറമ്പിലേക്ക് കയറി, “ഉവ്വ്, ഇപ്രാവശ്യം മാവ് നിറയെ പൂത്ത് കായ്ച്ചിരിക്കുന്നു.”

“ഹേയ്, ദേവികേ.. നിനക്കിനിയും പച്ച മാങ്ങ വേണോങ്കി പറഞ്ഞാ മദീന്ന്..
ഹെ ഹെ ഹേ.. ആ നാണം എനിക്കറിയാല്ലോ.. എന്തായാലും അന്നത്തെ അശ്ലീലം ഞാന്‍ പറയില്ലാന്ന്..”

ഭര്‍ത്താവും കുഞ്ഞുങ്ങളുമായ് സസുഖം വാഴുന്നുവെന്ന് കരുതതലിലും അന്യന്റെ ഭാര്യയെ എന്നെങ്കിലും ആഗ്രഹിച്ചിരുന്നുവോ?



“അല്ല മച്ചൂ, ദ്ന്താദ്, എപ്പ വന്ന് നാട്ടില്?”
സൂരജിനൊപ്പം പങ്കിട്ട മുറിബീഡികള്‍ക്കൊപ്പം ഈ പുഞ്ചിരിയും ഉണ്ടായിരുന്നു.

“കഴിഞ്ഞ ബുധനാഴ്ച. അല്ല, നമ്മടെ എളന്നീര് ഇറക്കല് പരിപാടി ഒന്ന് നടത്ത്യാലോ അന്നത്തെപ്പോലെ?”

“കയറാനാവൂല്ലെടോ, നി പോയേപ്പിന്നെ അറിയാലോ എന്റെ കാര്യം, അന്നൊര് നാളിലെ പരിപാടിക്കെടേല് ഒരു വെട്ട് ഇടുപ്പെല്ലിനായിരുന്നു. കൊടുവള്ളീലെ സഹകരണത്തില് മൂന്ന് മാസം, പിന്നെ വീട്ടില്..”

“ആഹ്, പോട്ടെ. നിന്റെ സന്ധ്യ എന്തു പറയുന്നു, മ്മ്ടെ അന്വേഷണം പറയിന്‍..”



ചപ്പു ചവറുകളില്‍ അമര്‍ന്ന്, പടികള്‍ കയറി.
അടച്ചിട്ട വാതില്‍പ്പാളികള്‍ താക്കോത്സ്പര്‍ശമേറ്റപ്പോള്‍ ഒച്ച വെച്ചു.

നല്ല നാളിലെ ഓര്‍മ്മകള്‍.
മാഹിപ്പെരുന്നാള്‍, മദ്യവിരുന്നുകള്‍, ഫ്ലഡ് ലൈറ്റ് ക്രിക്കറ്റ് മത്സരങ്ങള്‍.

ഒരു തഴപ്പായയും കാവി മുണ്ടും മതി, കുറഞ്ഞത് നാല് പേര്‍ക്ക് നേരം വെളുപ്പിക്കാന്‍. ചര്‍ച്ചകള്‍ രാവിനെ പകലാക്കുമ്പോള്‍, വിടയോതാന്‍ രാവ് പോലും മറന്നിരുന്നു.

“സാഖാവെ, നമ്മുടെ രാഷ്ട്രീയം ഈ നാലു ചുവരുകള്‍ക്കറിയാം, നമ്മുടെ ഓര്‍മ്മകള്‍ രക്തസാക്ഷിയായത് എവിടെയാണ്..?”



മുറ്റത്തെ വരമ്പില്‍ ചെടിച്ചട്ടികള്‍ വരണ്ടിരിക്കുന്നു, പുഷ്പിതസൂനങ്ങള്‍ അന്യമായത് നിന്റെ വിരല്‍ സ്പര്‍ശം അകന്നപ്പോഴായിരുന്നുവോ?

അവസാനവര്‍ഷത്തിലെ പരീക്ഷ എഴുതാതെ ഓടിയൊളിച്ച് കടല്‍ത്തീരത്ത് തിരഞ്ഞ കവിത എഴുതാനാവുന്നത് നീണ്ട ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. ഏകാന്തതയുടെയും അന്യതാബോധത്തിന്റെയും അകലങ്ങളിലെ ദൂരമായിരുന്നു ഈ വര്‍ഷങ്ങള്‍. ഈ ദൂരങ്ങള്‍ കവിതകളാല്‍ നിറയട്ടെ..



വിദൂരസ്വപ്നങ്ങളില്‍ എന്നപോലെ എന്നും അവസാനിപ്പിക്കുന്നത്, ചെങ്കല്‍പ്പൊടി പുരണ്ട രൂപമാണ്.. പറയാതെ കീശയില്‍ നിന്നും പതിവായി അന്നെടുക്കാറുണ്ടായിരുന്ന അമ്പത് പൈസത്തുട്ടുകളിലെ സ്നേഹം..



ഇല്ല, ആ നിശ്വാസത്തിനും മുമ്പേ ചെയ്യുവാന്‍ കുറച്ച് കൂടിയുണ്ട്.

പിറകിലേക്കൊഴുകുന്ന പുഴ തേടുന്ന സൗന്ദര്യവും നിര്‍മ്മലതയും ഒരു തുള്ളിയെങ്കിലും ആസ്വദിക്കാന്‍ യാത്രയാവട്ടെ;

പിന്തുടരുന്ന ബാക്കിയായ കര്‍മ്മങ്ങള്‍ ചെയ്യുവാനുള്ള അചഞ്ചലത നേടുവാനായ്..

----------------------------------------------------------------------------

*ചിത്രം ഗൂഗിളില്‍ നിന്ന്.

** *** **

05 April 2012

നിഴല്‍ന്നീളങ്ങള്‍



നിഴല്‍ നീണ്ട്
മങ്ങിയൊടുങ്ങുമിടത്താണ്
ഒരു വിത്ത് പാകുന്നത്..

മുളപൊട്ടി,
ഇലതളിര്‍ത്ത്, ഒരു ശിഖരമായ്
വളര്‍ന്ന്, അതില്‍ അവശേഷിക്കുന്നുണ്ട്
ഒരു പൊക്കിള്‍ക്കൊടിത്തുമ്പ്;

കാഴ്ച മങ്ങിയവരുടെ
അഗാധഗര്‍ത്ത നിപതനത്തിലെ
കൈവീശലിന്‍ അലയൊലികള്‍
സ്പഷ്ടമായ് കരയേറ്റുവാനായ്,

കൈയ്യാമങ്ങള്‍ക്കുള്ളില്‍
ഞെരിഞ്ഞമര്‍ന്ന് വ്രണം പുരണ്ട
അക്ഷരക്കൂട്ടിലെ അഗ്നിച്ചിറകുകളെ
തൂലികയ്ക്കുള്ളില്‍ ആവാഹിക്കുവാനായ്-
അവശേഷിക്കുന്നുണ്ട്
ആ പൊക്കിള്‍ക്കൊടിത്തുമ്പ്.

ഒടുവില്‍ ഒറ്റയായ് വീണ്ടും
നിഴല്‍ന്നീളത്തില്‍ നിറം പടരുമ്പോള്‍
കൈമാറി, പടര്‍ന്ന് വളരുവാനായ്
അവശേഷിപ്പിക്കുന്നു, എന്നും-
അതേ പൊക്കിള്‍ക്കൊടിത്തുമ്പിനെ..

-------------------------------------------------
*ചിത്രം ഗൂഗിളിൽ നിന്ന്.

** *** **

18 March 2012

മഴക്കാലം..

മാനം കറുക്കുന്നു..
(വീടിന്റെ മുന്‍പിലെ വിശാലമായ പറമ്പില്‍ നിന്ന് ആകാശത്തിലേക്കുള്ള ദൃശ്യം)

മലമുകളില്‍ കിറുക്കന്‍ കാറ്റിന്‍ മേളം, കരിമേഘങ്ങള്‍ കൂട്ടിന്..
(ചെന്നൈയേക്ക് പോകും വഴി ഓടുന്ന ട്രെയിനില്‍ നിന്നൊരു സ്നാപ്)

കടലില്‍ കരിവെള്ളമുയരുന്നു, ആകാശത്തോളം..
(കണ്ണൂര്‍ പയ്യാമ്പലം ബീച്ച്)

ഒടുവില്‍ നീ അണയുന്നരികിലായ്, ഒരു കുമ്പിളെപ്പോള്‍ നിറയ്ക്കുമെന്നതിശയമായ്..
(കവല, എന്റെ നാട്)

നീയില്ലെങ്കില്‍..?
(വീട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ, എന്റെ തറവാട്ടുഗ്രാമം)

----------------------------------------------------------------------------
*ചിത്രം N73 Phone Camera-യില്‍ പലപ്പോഴായ് പിടിച്ചത്. 

**ചിത്രങ്ങള്‍ ഒന്നൊഴികെ എന്റെ നാട്ടിലേതാണ്, എന്റെ നാട് കണ്ണൂരാണെന്നറിയാലോ എല്ലാവര്‍ക്കും?
***ചിത്രങ്ങള്‍ എല്ലാം 2011 ഒക്ടോബര്‍ മാസത്തിലെ മഴക്കോള്, കേമറയില്‍ പകര്‍ത്തിയത്.. 


** *** **

Related Posts Plugin for WordPress, Blogger...